ചന്ദ്രശേഖർ ആസാദ് ഹാഥറസിലേക്ക്; പെൺകുട്ടിയുടെ മാതാപിതാക്കളെ കാണും
text_fieldsഡൽഹി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഹാഥറസിലേക്ക് പോകുന്നു. ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ ആസാദ് സന്ദർശിക്കും. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാർദ്ര, സി.പി.െഎ നേതാക്കൾ തുടങ്ങിയവർ കുടുംബത്തെ സന്ദർശിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖർ ആസാദും എത്തുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാൻ നേരത്തെ ആസാദ് ശ്രമിച്ചിരുന്നെങ്കിലും യു.പി പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു.
വെള്ളിയാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ഭീം ആർമി മേധാവി പങ്കെടുത്തു. ഹാഥറസ് സംഭവത്തിനെതിരെ നൂറുകണക്കിന് ആളുകൾ പ്ലക്കാർഡുകളുമായി മുദ്രാവാക്യം മുഴക്കി അണിനിരന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് ജന്തർ മന്തറിൽ ആസാദ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായ പരിക്കുകളോടെ യുവതി മരിച്ച ദില്ലിയിലെ സഫ്ദർജംങ് ആശുപത്രിക്ക് പുറത്തും ഭീം ആർമി നേരത്തെ പ്രതിഷേധിച്ചിരുന്നു.
'യുപിയിലെ വാരണാസിയിൽ നിന്നുള്ള എംപിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയും ക്രൂരമായ മനുഷ്യാവകാശ ലംഘനം നടക്കുമ്പോൾ ഒരു വാക്കുപോലും പറയാത്തതെന്താണ്'എന്നും ചന്ദ്രശേഖർ ആസാദ് ചോദിച്ചിരുന്നു. നിരവധി പ്രതിപക്ഷ നേതാക്കളെ ഹാഥറസിലേക്ക് പോകുന്നതിൽ നിന്ന് യു.പി സർക്കാർ തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.