എൽഗാർ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റോണ വിൽസൻ ഹൈകോടതിയിൽ
text_fieldsമുംബൈ: എൽഗാർ പരിഷദ് കേസ് കെട്ടിച്ചമച്ചതാണെന്നും വൈറസ് ആക്രമണത്തിലൂടെ വ്യാജ തെളിവുകൾ ലാപടോപുകളിൽ സ്ഥാപിച്ചതാണെന്നും ആരോപിച്ച് കേസിൽ ജയിലിൽ കഴിയുന്ന മലയാളി ആക്ടിവിസ്റ്റ് റോണ വിൽസൺ ബോംബെ ഹൈകോടതിയിൽ. കേസ് റദ്ദാക്കണമെന്നും ഹൈകോടതിയിൽ നിന്നൊ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയുടെയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ദർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും സർക്കാർ മാനനഷ്ടം നൽകണമെന്നും ആവശ്യപ്പെട്ടാണ് റോണ വിൽസൻ ഹൈകോടതിയിൽ ഹരജി നൽകിയത്. എൽഗാർ പരിഷദ് േകസിൽ പ്രധാന തെളിവായി അന്വേഷണ ഏജൻസികൾ അവകാശപ്പെട്ട ഇ-മെയിൽ രേഖകൾ വൈറസ് ആക്രമണത്തിലൂടെ സ്ഥാപിച്ചതാണെന്ന മസാച്യുസെറ്റ്സിലെ ഡിജിറ്റൽ ഫോറൻസിക് കമ്പനിയായ ആർസെനൽ കൺസൾടിങിന്റെ റിപ്പോർട്ടുമായാണ് റോണ കോടതിയെ സമീപിച്ചത്.
റോണ വിൽസന്‍റെ ലാപ്ടോപ്പിൽ ഇത്തരത്തിൽ പത്ത് രേഖകൾ സ്ഥാപിച്ചതായും അദ്ദേഹമറിയാതെ കേസിൽ പ്രതിചേർക്കപ്പെട്ട മറ്റുള്ളവരുടെ ലാപ്ടോപ്പുകളിലും വൈറസ് ആക്രമണമുണ്ടായതായും ആർസെനൽ കൺസൾടിങ് റിപ്പോർട്ടിൽ അവകാശപ്പെടുന്നു. ഹരജിയിൽ അന്തിമ തീരുമാനമുണ്ടാകും വരെ എൽഗാർ കേസിലെ പ്രത്യേക എൻ.െഎ.എ കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്നും ജാമ്യം നൽകണമെന്നും റോണ വിൽസൺ അപേക്ഷിച്ചു.
2018 ഏപ്രിൽ 18ന് ഡൽഹിയിലെ വീട്ടിൽ വെച്ചാണ് റോണ വിൽസൻ അറസ്റ്റിലായത്. റെയിഡിന് ശേഷമായിരുന്നു അറസ്റ്റ്. ഇതിന് 22 മാസം മുമ്പെ റോണയുടെ ലാപടോപിൽ ഹാക്കർമാർ വൈറസ് സ്ഥാപിച്ചതായാണ് ആർസെനൽ കൺസൾടിങിന്റെ കണ്ടെത്തൽ. വരവര റാവുവിെൻറ പേരിലുള്ള ഇ-മെയിൽ വിലാസത്തിലൂടെയാണ് റോണയുടെ ലാപ്ടോപിൽ വൈറസ് കടക്കുന്നത്. ഇ-മെയിലിലെ അറ്റാച്ച്മെൻറ് തുറക്കുകയും ഫയലുകൾ തുറക്കാൻ സാധിച്ചെന്ന് മറുപടി നൽകുകയും ചെയ്തതോടെ റോണ അറിയാതെ വൈറസ് കടന്നുകൂടുകയായിരുന്നു. റോണ അറസ്റ്റിലാകുന്നതിന് 13 മണിക്കൂറു മുമ്പാണ് അവസാനമായി വൈറസ് ആക്രമണമുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. റോണയുടെ ലാപ്ടോപ്പിൽ നിന്ന് തെളിവായി അന്വേഷണ ഏജൻസി കണ്ടെത്തിയ രേഖകൾ മൈക്രോ സോഫ്റ്റ് വേഡ് 2010 ലെയും 2013 ലെയും വേർഷനിലുള്ള ഫയലുകളാണെന്നും എന്നാൽ റോണയുടെ ലാപ്ടോപ്പിലെ മൈക്രോ സോഫ്റ്റ് വേഡ് 2007 വേർഷനാണെന്നുമാണ് ആർസെനലിന്‍റെ കണ്ടെത്തൽ.
റോണയുടെയും അറസ്റ്റിലായ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്ങിന്റെയും ലാപ്ടോപ്പുകളിൽനിന്ന് ലഭിച്ച 13 രേഖകളാണ് കേസിലെ പ്രധാന തെളിവ്. ഇതു പ്രകാരമാണ് വരവര റാവു, ഗൗതം നവലഖ, ആനന്ദ് തെൽതുംബ്ഡെ, സുധ ഭരദ്വാജ്, ഫാ. സ്റ്റാൻ സ്വാമി, മലയാളി ഡൽഹി സർവകലാശാല അധ്യാപകൻ ഹാനി ബാബു തുടങ്ങി 16 പേരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയത്ത്. രാജീവ് ഗാന്ധി വധിക്കപ്പെട്ടതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുക, നേപ്പാളിൽനിന്ന് ആയുധങ്ങളും മറ്റും ശേഖരിച്ച് സായുധ പോരിന് തയാറാകുക തുടങ്ങിയ പദ്ധതികൾ അറസ്റ്റിലായവർ ആസൂത്രണം ചെയ്തുവെന്നാണ് ഇൗ ഇ-മെയിലുകളിലെ കാതൽ. ഇ-മെയിലുകളുടെ ഭാഷാ ശൈലി ചൂണ്ടിക്കാട്ടി അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഹാർഡ് ഡിസ്കിന്റെ ക്ലോൺ കോപ്പിയുമായി റോണ വിൽസന്‍റെ അഭിഭാഷകർ 2019 ൽ അമേരികൻ ബാർ അസോസിയേഷനെ സമീപിച്ചിരുന്നു. അവരുടെ നിർദേശപ്രകാരമാണ് ആർസെനൽ കൺസൾടിങ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.