പുണെ ഭിമ–കൊരെഗാവ്: ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് കേസ് അട്ടിമറിക്കാനെന്ന്
text_fieldsമുംബൈ: പുണെ ഭിമ-കൊരെഗാവ് സംഘർഷ േകസിൽ മലയാളി റോണ ജേക്കബ് വിൽസൺ അടക്കം അഞ്ച് ആക്ടിവിസ്റ്റുകളെ മാവോവാദി ബന്ധം ആരോപിച്ച് പുണെ പൊലീസ് അറസ്റ്റ് ചെയ്തത് യഥാർഥ കേസ് അട്ടിമറിക്കാനെന്ന് സന്നദ്ധ പ്രവർത്തകർ. ദലിത്-സവർണ കലാപത്തിനു പിന്നിലെ യഥാർഥ പ്രതികളായ സവർണ നേതാക്കൾ മിലിന്ദ് എക്ബോട്ടെ, സമ്പാജി ബിഡെ എന്നിവരെ രക്ഷിക്കാനുള്ള കേന്ദ്ര നിർദേശമാണ് പൊലീസ് നടപ്പാക്കുന്നതെന്നും ദലിത് സന്നദ്ധ പ്രവർത്തകർ ആരോപിച്ചു. എക്ബോട്ടെ, സമ്പാജി എന്നിവർക്കെതിരെ തെളിവുകൾ പരസ്യപ്പെടുത്തുന്നത് തടയാനാണ് മാവോവാദി ബന്ധം ആരോപിച്ചുള്ള അറസ്റ്റെന്നും ഇവർ ആരോപിച്ചു.
ഡൽഹിയിൽ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസനേഴ്സ് (സി.ആര്.പി.പി) പൊതു സമ്പര്‍ക്ക സെക്രട്ടറിയാണ് റോണ ജേക്കബ് വില്‍സണ്‍. ദലിത് പ്രസിദ്ധീകരണമായ ‘വിരോധി’യുടെ പത്രാധിപർ സുധീര്‍ ധാവ്ളെ, നാഗ്പുര്‍ സര്‍വകലാശാല പ്രഫസര്‍ ഷോമ സെന്‍, ഗഡ്ചിറോളിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ മഹേഷ് റാവത്ത്, ഇന്ത്യന്‍ അസോസിയേഷന് ഓഫ് പീപ്ള്‍സ് ലോയേഴ്സ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ഗഡ്ലിങ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ഇവരെ പുണെ കോടതി അടുത്ത 14 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. റോണക്ക് ‘കോംമ്രേഡ് എം’ അയച്ച മെയിലിൽ എൽഗാർ പരിഷത്ത് വിജയിപ്പിച്ചതിനുള്ള അഭിനന്ദനവും കൂടുതൽ ദലിതുകളെ സംഘടിപ്പിക്കാനുള്ള നിർദേശവുമുണ്ടെന്നാണ് പുണെ പൊലീസ് പറയുന്നത്. പിടിച്ചെടുത്ത പെൻഡ്രൈവും മറ്റും ശാസ്ത്രീയ പരിശോധനക്ക് അയച്ചതായും അവർ അവകാശപ്പെട്ടു. എൽഗാർ പരിഷത്തിനും പിന്നീട് ദലിത് സംഘാടനത്തിനും അഞ്ചു പേരും മാവോവാദി ഫണ്ട് ഉപയോഗിച്ചെന്നും െപാലീസ് പറയുന്നു.
എന്നാൽ, ദലിത് സന്നദ്ധ പ്രവർത്തകർ ഇവ നിഷേധിച്ചു. കെട്ടിച്ചമച്ച തെളിവുകളാണെന്നും എൽഗാർ പരിഷത്ത് സംഘടിപ്പിച്ചതും പണം നൽകിയതും അവർ മാത്രമല്ല; 200 സംഘടനകളാണെന്നും സമത വിദ്യാർഥി അഗാഡി നേതാവ് ഹർഷലി പൊട്ദാർ പറഞ്ഞു.
എതിരാളികളെ സർക്കാർ എങ്ങനെ നേരിടുന്നു എന്നതിെൻറ തെളിവാണ് അറസ്െറ്റന്നും യഥാർഥ പ്രതികൾക്കെതിരെ അന്വേഷണ കമീഷന് തെളിവു നൽകുമെന്നും ഹർഷലി പറഞ്ഞു. കേസിൽനിന്ന് തങ്ങളെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് അറസ്റ്റെന്ന് കബിർ കലാമഞ്ച് അംഗം ജ്യോതി ജഗതാപ പറഞ്ഞു.
അറസ്റ്റിൽ ഡൽഹിയിൽ പ്രതിഷേധം
ന്യൂഡൽഹി: പുണെയിലെ ഭീമ- കൊരെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് മലയാളി റോണ വിൽസൺ അടക്കം നിരവധി സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരെ മാവോയിസ്റ്റാക്കി മഹാരാഷ്ട്ര പൊലീസ് അറ്സ്റ്റുചെയ്ത സംഭവത്തിൽ ഡൽഹിയിൽ പ്രതിഷേധം. വ്യാഴാഴ്ച വൈകീട്ട് പാർലമെൻറ് സ്ട്രീറ്റിൽ നടന്ന മാർച്ചിൽ നിരവധി പേർ പെങ്കടുത്തു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്തമായായിരുന്നു പ്രതിഷേധം. ദലിതർക്കുവേണ്ടി പ്രവർത്തിച്ചതിനാണ് സാമൂഹികപ്രവർത്തകരുടെ അറസ്റ്റെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഡൽഹിയിൽ കമ്മിറ്റി ഫോർ റിലീസ് ഒാഫ് പൊളിറ്റിക്കൽ പ്രിസനേഴ്സിെൻറ പ്രവർത്തകനാണ് റോണി. െഎസ, എ.െഎ.എസ്.എഫ്, ബാസോ, സി.പി.െഎ.എം.എൽ ലിബറേഷൻ, എൻ.സി.എച്ച്.ആർ.ഒ, എസ്.െഎ.ഒ തുടങ്ങി നിരവധി സംഘടനകൾ മാർച്ചിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.