ഭീമ കൊറേഗാവ് കേസ്: സാമൂഹ്യ പ്രവര്‍ത്തക സുധാ ഭരദ്വാജ് ജയിൽ മോചിതയായി
text_fieldsമുംബൈ: ഭീമ കൊറേഗാവ് കേസില്‍ ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ച സാമൂഹ്യ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജ് ജയിൽ മോചിതയായി. മുംബൈ ബൈക്കുള ജയിൽ നിന്ന്ഉച്ചയോടെ നടപടികൾ പൂർത്തിയാക്കിയാണ് സുധാ ഭരദ്വാജ് പുറത്തിറങ്ങിയത്. ഭീമ കൊറേഗാവ് കേസില്‍ യു.എ.പി.എ ചുമത്തി 2018 ആഗസ്റ്റിൽ അറസ്റ്റിലായ സുധാ ഭരദ്വാജ് മൂന്നു വർഷത്തിന് ശേഷമാണ് ജയിൽ മോചിതയാകുന്നത്.
ഡിസംബർ ഒന്നിനാണ് ബോംബെ ഹൈകോടതി സുധാ ഭരദ്വാജിന് ജാമ്യം അനുവദിച്ചത്. എന്നാൽ, ഹൈകോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ജാമ്യം അനുവദിച്ചുള്ള ഹൈകോടതി ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല ത്രിവേദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുധാ ഭരദ്വാജ് ഉള്‍പ്പെടെ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷക സുധാ ഭരദ്വാജിനെ കൂടാതെ തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേറ, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.