ഭീമ-കൊറേഗാവ്: ഹാനി ബാബുവിന്റെ ജാമ്യഹരജി തള്ളി
text_fieldsമുംബൈ: ഭീമ-കൊറേഗാവ് കേസിൽ രണ്ടുവർഷമായി ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാലയിലെ മലയാളി അസി. പ്രഫസർ ഹാനി ബാബുവിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈകോടതിയും തള്ളി. ഫെബ്രുവരിയിൽ പ്രത്യേക എൻ.ഐ.എ കോടതി ജാമ്യം നിഷേധിച്ചതിനെതിരെ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ എൻ.എം. ജാംദാർ, എൻ.ആർ. ബോർകർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധിപറഞ്ഞത്. വിധിപ്പകർപ്പ് പിന്നീട് പുറത്തുവിടും.
ലാപ്ടോപ്പിൽനിന്ന് കണ്ടെത്തിയതായി പറയപ്പെടുന്ന, പ്രധാനമന്ത്രിയെ വധിക്കുന്നതുമായി ബന്ധപ്പെട്ട കത്തുമായി തനിക്ക് ബന്ധമില്ലെന്നും കത്ത് താൻ എഴുതിയതോ തന്നെ അഭിസംബോധന ചെയ്യുന്നതോ അല്ലെന്നും വധഗൂഢാലോചനയിൽ തനിക്ക് പങ്കുള്ളതായി കത്തിൽ പറയുന്നില്ലെന്നും ഹാനി ബാബു കോടതിയിൽ വാദിച്ചു. കേസിൽ വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയ ഹാനിയുടെ അഭിഭാഷകൻ യുഗ് ചൗധരി 200ലേറെ സാക്ഷികളെ വിസ്തരിക്കാനും 30,000ലേറെ വരുന്ന രേഖകൾ പരിശോധിക്കാനും ഉള്ളതിനാൽ വിചാരണ നടപടി നീളുമെന്നും കോടതിയിൽ പറഞ്ഞു.
സർക്കാറിനെ മറിച്ചിടാനുള്ള സായുധ വിപ്ലവ ഗൂഢാലോചനയുടെ ഭാഗമാണ് ഹാനിയെന്നും ഭീകരവാദ പ്രവർത്തനമാണ് നടന്നതെന്നുമാണ് ജാമ്യാപേക്ഷയെ എതിർത്ത് എൻ.ഐ.എ കോടതിയിൽ പറഞ്ഞത്.
ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കി. കണ്ടെടുത്ത രേഖകൾ പ്രകാരം ഹാനി ബാബു നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) സജീവപ്രവർത്തകനാണെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.