ഭീമ കൊറേഗാവ്: വീണ്ടും അന്വേഷണത്തിന് വഴിയൊരുങ്ങുന്നു
text_fieldsമുംബൈ: 2018ലെ ഭീമ-കൊറേഗാവ് സംഘര്‍ഷ കേസില്‍ പുനരന്വഷണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം. ‘അര്‍ബന്‍ നക്സലുകള്‍’ എന്നാരോപിച്ച് അറസ്റ്റ്ചെയ്ത മനുഷ്യാവകാശ പ്രവര് ത്തകര്‍ക്ക് എതിരെ പുണെ പൊലീസ് നല്കിയ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി അജിത് പവാര്‍, ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് എന്നിവരുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. പൊലീസ് നല്കിയ തെളിവുകള്‍ വ്യാജമായി സൃഷ്ടിച്ചതാണെന്ന സംശയമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോവാദികള്‍ പദ്ധതിയിട്ടെന്നതിന് തെളിവ് അറസ്റ്റിലായ മലയാളി റോണ വില്സെൻറ കമ്പ്യൂട്ടറില്‍നിന്ന് കണ്ടെത്തിയതായാണ് പൊലീസിെൻറ അവകാശവാദം. എന്നാല്‍, ഈ തെളിവ് വ്യാജമായുണ്ടാക്കിയതാണെന്ന് അജിത് പവാര്‍ സംശയം പ്രകടിപ്പിച്ചു. 15 ദിവസത്തിനകം തെളിവുകളുടെ ഉറവിടം വ്യക്തമാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വീണ്ടും അന്വേഷിക്കുമെന്ന് അനില്‍ ദേശ്മുഖ് വ്യക്തമാക്കി.
ഭീമ-കൊറേഗാവ് കേസ് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ വഴിതിരിച്ചുവിട്ടതാണെന്ന് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചതോടെയാണ് പുനരന്വേഷണത്തിന് നീക്കം തുടങ്ങിയത്. പുണെയില്‍ നടന്നത് ജാതീയ സംഘര്‍ഷമായിരുന്നുവെന്നും യഥാര്‍ഥ പ്രതികളിലേക്ക് നീങ്ങാതെ സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകരെ കേസില്‍ കുടുക്കുകയാണ് ചെയ്തതെന്നും പവാര്‍ കത്തില്‍ ആരോപിച്ചു. ജനകീയ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുകയായിരുന്നു ലക്ഷ്യം. ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാറും പൊലീസും തമ്മില്‍ ഗൂഢാലോചന നടന്നതായി ആരോപിച്ച പവാര്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടു. റോണ വില്‍സനു പുറമെ തെലുഗു കവി വരവരറാവു, അഭിഭാഷക സുധ ഭരദ്വാജ് തുടങ്ങി 13 ഓളം പേര് കേസില്‍ അറസ്റ്റിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.