ഭിമ കൊറേഗാവ് : മഹാരാഷ്ട്രയിലെ ആറ് പാർട്ടി അധ്യക്ഷൻമാർക്ക് അന്വേഷണ കമീഷന്റെ സമൻസ്
text_fieldsമുംബൈ: ഭിമ കൊറേഗാവ് അന്വേഷണ കമീഷൻ മഹാരാഷ്ട്രയിലെ ആറ് രാഷ്ട്രീയ പാർട്ടി അധ്യക്ഷൻമാർക്ക് സമൻസ് അയച്ചു. ക്രമസമാധാനനില മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് നിർദേശങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്.
ജൂൺ 30 നകം കമീഷന് മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കണം. കൂടാതെ കമീഷന് മുമ്പാകെ എത്തി മൊഴി നൽകണമെന്നും സമൻസിലുണ്ട്.
ശിവ സേന, കോൺഗ്രസ്, ബി.ജെ.പി, വഞ്ചിത് ബഹുജൻ അഘാഡി, മഹാരാഷ്ട്ര നവ നിർമാൺ സേന, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ എന്നീ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷൻമാർക്കാണ് നോട്ടീസ് അയച്ചത്. എല്ലാവരും നേരിട്ടോ പ്രതിനിധി വഴിയോ സത്യവാങ്മൂലം സമർപ്പിക്കണം.
എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ നേരത്തെ തന്നെ സത്യവാങ്മൂലം സമർപ്പിക്കുകയും അദ്ദേഹത്തിന്റെ മൊഴി കമീഷന് നൽകുകയും ചെയ്തിരുന്നു.
കമീഷന്റെ അഭിഭാഷകനായ ആശിഷ് സത്പുത് നൽകിയ അപേക്ഷയെ തുടർന്നാണ് സമൻസ്. വിരമിച്ച ജഡ്ജി ജസ്റ്റിസ് ജെ.എൻ പട്ടേൽ അധ്യക്ഷനായ
രണ്ടംഗ കമീഷനാണ് ഭിമ കൊറേഗാവ് കേസ് അന്വേഷിക്കുന്നത്. 2018 ജൂൺ ഒന്നിന് ഭിമ കൊറേഗാവ് മേഖലയിൽ ഉണ്ടായ ആക്രമണങ്ങളുടെ കാരണം അന്വേഷിക്കാനാണ് സർക്കാർ രണ്ടംഗ കമീഷനെ നിയോഗിച്ചത്. ആക്രമണത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2018 ന്റെ തുടക്കത്തിലും കമീഷൻ എല്ലാ പാർട്ടി അധ്യക്ഷൻമാർക്കും സമൻസ് അയച്ചിരുന്നു. ഭിമ കൊറേഗാവ് ആക്രമണം സംബന്ധിച്ച് അവർക്കറിയാവുന്ന വിവരങ്ങൾ അറിയിക്കാനും ഇത്തരം സംഭവങ്ങൾ തടയുന്നതിന് സ്വീകരിക്കാവുന്ന നപടികൾ നിർദേശിക്കാനും വേണ്ടിയായിരുന്നു അന്ന് സമൻസ് അയച്ചത്. അന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ മാത്രമാണ് കമീഷന് മുമ്പാകെ ഹാജരായി സത്യവാങ്മൂലം നൽകിയത്. വിവിധ സാക്ഷികളുടെ അഭിഭാഷകർ ശരദ് പവാറിനെ വിസ്തരിച്ചിരുന്നു.
കമീഷൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷൻമാർക്ക് സമൻസ് അയക്കണമെന്ന് ആവശ്യപ്പെട്ട് കമീഷൻ പ്രതിനിധിയായ അഭിഭാഷകൻ ആശിഷ് സത്പുത് ഈയിടെ അപേക്ഷ നൽകിയിരുന്നു. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ജില്ലാ ഭരണകൂടവും പൊലീസുമാണ് ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ഇക്കാര്യത്തെ കുറിച്ച് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് അറിയുകയാണെങ്കിൽ കമീഷന് അന്തിമ റിപ്പോർട്ട് നൽകാനാകും. പാർട്ടികളുടെ നിലപാട് അറിഞ്ഞാൽ മാത്രമേ പൊലീസിന് ഇത്തരം പ്രശ്നങ്ങളിൽ കർശന നിലപാട് സ്വീകരിക്കാൻ സാധിക്കൂവെന്നും അഭിഭാഷകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.