പശുഗുണ്ടകൾ കത്തിച്ചുകൊന്ന മുസ്‍ലിം യുവാക്കളുടെ വീട് ബൃന്ദ കാരാട്ട് സന്ദർശിച്ചു
text_fieldsജെയ്പൂർ: പശുഗുണ്ടകൾ ക്രൂരമായി കൊലപ്പെടുത്തിയ രണ്ട് മുസ്‍ലിം യുവാക്കളുടെ വീട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അടക്കമുള്ള സി.പി.എം നേതാക്കൾ സന്ദർശിച്ചു. വി.എച്ച്.പിയുടെ യുവജന സംഘടനയായ ബജ്‌റംഗ്ദൾ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും തുടർന്ന് ജീവനോടെ കത്തിക്കുകയും ചെയ്ത ജുനൈദ്, നസീർ എന്നിവരുടെ വീടുകളാണ് ബൃന്ദ കാരാട്ട്, രാജസ്ഥാൻ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ അമ്രാ റാം, രാജസ്ഥാൻ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സുമിത്ര ചോപ്ര, ഡോ. സഞ്ജയ് മാധവ്, റൈസ, അഭിഭാഷകൻ ഷബീർ ഖാൻ എന്നിവരടങ്ങിയ സംഘം സന്ദർശിച്ചത്.
ക്രൂരമായ കൊലപാതകങ്ങളെ സി.പി.എം ശക്തമായി അപലപിച്ചു. ‘പശു സംരക്ഷകരെന്ന പേരിൽ ക്രിമിനൽ പ്രവർത്തനം നടത്തുന്ന സംഘത്തിന് ഹരിയാന സർക്കാറും പൊലീസുമാണ് സംരക്ഷണം നൽകുന്നത്. ഈ കേസിൽ രാജസ്ഥാൻ പൊലീസിന്റെ പങ്ക് രാജസ്ഥാൻ സർക്കാർ അന്വേഷിക്കണം. അക്രമികൾക്കെതിരെ കൊലപാതകകുറ്റം ചുമത്തി ഉടനടി നടപടി എടുക്കണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകും’ -സി.പി.എം സംഘം പറഞ്ഞു.
ഹരിയാന- രാജസ്ഥാൻ അതിർത്തിയിലൂടെ സഞ്ചരിച്ചിരുന്ന ജുനൈദിനെയും നസീറിനെയും ബജ്‌റംഗദൾ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
ഗോപാൽഗഡ് പൊലീസ് സ്റ്റേഷനിൽ കുടുംബാംഗങ്ങൾ സമർപ്പിച്ച പരാതിയെ തുടർന്ന് അഞ്ച് പ്രതികളിൽ ഒരാളെ രാജസ്ഥാൻ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടന്ന് രണ്ട് ദിവസമായിട്ടും എഫ്‌ഐആറിൽ ഇതുവരെ കൊലക്കുറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഹരിയാന സർക്കാരും പൊലീസും കുറ്റവാളികൾക്ക് സംരക്ഷണം നൽകുകയാണെന്ന് കുടംബാംഗങ്ങൾക്ക് പരാതിയുണ്ട്.
അതേസമയം, ജുനൈദിന് പശുക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാൽ, ബി.ജെ.പി ഭരണകാലത്ത് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിരവധി പേർക്കെതിരെ ഇതുപോലെ കള്ളക്കേസെടുത്തിട്ടുണ്ടെന്നും ഇത്രയും വർഷമായിട്ടും ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലെന്നും കുടുംബങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.