മുസ്‍ലിം യുവാക്കളെ കത്തിച്ചുകൊന്നതിനെതിരെ പ്രതിഷേധം: നുഹ് ജില്ലയിൽ ഇന്റർനെറ്റ് റദ്ദാക്കി
text_fieldsചണ്ഡിഗഢ്: രാജസ്ഥാൻ സ്വദേശികളായ രണ്ടു മുസ്‍ലിം യുവാക്കളെ ഗോരക്ഷാ ഗുണ്ടകൾ കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രക്ഷോഭം നടക്കുന്ന ഹരിയാനയിലെ നുഹ് ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ റദ്ദാക്കി. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ ഫിറോസ് പുരിൽ നുഹ്-ആൾവാർ ഹൈവേ ഉപരോധിച്ചിരുന്നു.
കൂടുതൽ പ്രതിഷേധങ്ങൾക്ക് ആഹ്വാനമുയർന്നതിനെ തുടർന്നാണ് ‘സമുദായ സൗഹാർദം തകരാതിരിക്കാൻ’ എന്ന കാരണം പറഞ്ഞ് ഹരിയാന സർക്കാറിന്റെ നീക്കം. ഫെബ്രുവരി 26 മുതൽ 28 വരെയാണ് നിയന്ത്രണം. വോയ്സ് കാൾ ഒഴികെയുള്ള മൊബൈൽ സേവനങ്ങളാണ് തടഞ്ഞത്. അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാനാണ് വിലക്കെന്ന് ഉത്തരവിലുണ്ട്.
ഫെബ്രുവരി 15ന് ഭരത്പുർ സ്വദേശികളായ നാസിർ, ജുനൈദ് എന്നിവരെ ഗോരക്ഷാ ഗുണ്ടകൾ തട്ടിക്കൊണ്ടുപോവുകയും പിറ്റേന്ന് കത്തിക്കരിഞ്ഞ നിലയിൽ ഹരിയാനയിലെ ഭിവാനിയിൽ വാഹനത്തിൽ കണ്ടെത്തുകയുമായിരുന്നു.
വെള്ളിയാഴ്ചത്തെ ഹൈവേ ഉപരോധത്തിനുശേഷം, നുഹ് ജില്ലയിൽ ഉടനീളം പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനമുയർന്നിരുന്നു. ഉപരോധത്തിൽ പങ്കെടുത്ത 500 ഓളം പേർക്കെതിരെ കേസെടുത്തു. കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ട എട്ടു പേർക്കെതിരെ തെളിവുണ്ടെന്ന് രാജസ്ഥാൻ പൊലീസ് പറയുന്നു.
നുഹ് നിവാസികളായ അനിൽ, ശ്രീകാന്ത്, കെയ്ത്താളിലെ കാലു, കർണാൽ സ്വദേശികളായ കിഷോർ, ശശികാന്ത്, ഭിവാനിയിൽ നിന്നുള്ള മോനു, ഗോഗി, ജിൻഡ് സ്വദേശി വികാസ് എന്നിവരാണ് ഇവർ. കേസിൽ പ്രധാന പ്രതിയെന്ന് ആരോപണമുയർന്ന ബജ്റംഗ്ദൾ പ്രാദേശിക നേതാവ് മോനു മനേസറിനെതിരെ കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.