'ഹലാൽപൂർ ബസ് സ്റ്റാൻഡ്' ഇനി 'ഹനുമാൻ ഗാർഹി ബസ് സ്റ്റാൻഡ്'; മധ്യപ്രദേശിൽ പേരുമാറ്റം, നിർദേശിച്ചത് പ്രഗ്യ സിങ്
text_fieldsഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ രണ്ട് സ്ഥലങ്ങളുടെ പേര് മാറ്റി. ഭോപ്പാൽ കോർപറേഷനിലെ ഹലാൽപൂർ ബസ് സ്റ്റാൻഡിന്‍റെ പേര് ഹനുമാൻ ഗാർഹി ബസ് സ്റ്റാൻഡ് എന്നും ലാൽ ഘാടിയുടെ പേര് മഹേന്ദ്ര നാരായൺ ദാസ് ജി മഹാരാജ് സർവേശ്വർ ചൗര എന്നുമാണ് മാറ്റിയത്. ഭോപ്പാൽ എം.പിയും ബി.ജെ.പി നേതാവുമായ പ്രഗ്യ സിങ് ഠാക്കൂറിന്‍റെ നിർദേശപ്രകാരമാണ് പേരുമാറ്റം. നിലവിലെ പേരുകൾ അശുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
വെള്ളിയാഴ്ച നടന്ന കോർപറേഷൻ കൗൺസിൽ യോഗം പേരുമാറ്റം അംഗീകരിച്ചു. ഹലാൽപൂരിലെ 'ഹലാൽ' എന്ന വാക്ക് അശുദ്ധമാണെന്ന് പ്രഗ്യ സിങ് പറഞ്ഞു. അത് ഒഴിവാക്കുന്നതിലൂടെ അടിമത്തത്തിന്‍റെ അടയാളം കൂടിയാണ് ഒഴിവാക്കുന്നത്. ഇന്ത്യയുടെ ചരിത്രം മാറ്റാനുള്ള കരുത്ത് നമുക്ക് ഇന്നുണ്ട്. ഭോപ്പാലിന്‍റെയും ചരിത്രം മാറ്റി നവീകരിക്കും -എം.പി പറഞ്ഞു.
ലാൽ ഘാടി ക്രോസ് റോഡിൽ നിരവധി കൊലപാതകങ്ങൾ കഴിഞ്ഞ കാലങ്ങളിൽ നടന്നിട്ടുണ്ട്. നിരവധി ധീരർ അവിടെ രക്തസാക്ഷികളായിട്ടുണ്ട്. അതുകൊണ്ട് രക്തരൂക്ഷിതമായ ഭൂതകാലം മറന്ന് അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായാണ് പേരുമാറ്റം -പ്രഗ്യ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.