ഭോപ്പാൽ വിഷവാതക ദുരന്തം: നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ഹരജിയിൽ വിധി ഇന്ന്
text_fieldsന്യൂ ഡല്‍ഹി: 1984 ലെ ഭോപ്പാൽ വിഷവാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹരജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിന് 7844 കോടി രൂപ അധികമായി നൽകാൻ കമ്പനിയോട് നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
യൂനിയൻ കാർബൈഡ് കോർപ്പറേഷൻ കമ്പനിയുടെ പിൻഗാമിയായ ഡൗ കെമിക്കൽസിനെ എതിർകക്ഷിയാക്കിയാണ് കേന്ദ്ര സർക്കാർ ഹരജി സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് 2010ൽ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിൽ വിധി പറയുക. 1989ലെ വിധി പ്രകാരം 715 കോടി രൂപയാണ് നഷ്ടപരിഹാരമായി കമ്പനി അനുവദിച്ചത്.എന്നാൽ പരിസ്ഥിതിക്ക് ഉൾപ്പടെ വലിയ ആഘാതം സൃഷ്ടിച്ച ദുരന്തത്തിൽ നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.
മധ്യപ്രദേശിലെ ഭോപ്പാലിലെ കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം. അമേരിക്കൻ രാസവ്യവസായഭീമനായ യൂനിയൻ കാർബൈഡ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു ഇത്. പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 2 ന് അപകടമുണ്ടായത്. 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു.
ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. കാറ്റിന്‍റെ ദിശക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും മൂവ്വായിരത്തിലധികം പേർ കൊല്ലപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.