Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കഴുത്തറുത്തു കൊന്നത് രോഗിയായ രമാശങ്കറിനെ
cancel

ഭോപാല്‍ ജയിലില്‍നിന്ന് രണ്ട് കിലോമീറ്റര്‍ തികച്ചില്ല,  കൊല്ലപ്പെട്ട ജയില്‍ വാര്‍ഡന്‍ രമാശങ്കര്‍ യാദവിന്‍െറ വീട്ടിലേക്ക്.  വീടിന്‍െറ പടികടന്നപ്പോഴേക്കും ഭാര്യ ഹിരാറാണിയുടെ നിലവിളിയാണ് വരവേറ്റത്. ചുറ്റും കൂടിയവര്‍ പാടുപെട്ട് ആശ്വസിപ്പിച്ചിട്ടും കരച്ചില്‍ നിന്നില്ല. ഒടുവില്‍ ഏറെ പാടുപെട്ട് അവരെ സമാശ്വസിപ്പിച്ച  മകള്‍ സോണി സംസാരിച്ച് തുടങ്ങി.

അഞ്ചുവര്‍ഷമായി ഭോപാല്‍ ജയിലിലെ മേലുദ്യോഗസ്ഥരില്‍നിന്ന് നേരിട്ട  പീഡനത്തിന്‍െറ ഇരയാണ് തന്‍െറ പിതാവെന്ന് സോണിയ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായശേഷം ആരോഗ്യസ്ഥിതി തിരിച്ചുപിടിക്കാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ദിവസവും നാലുനേരം കഴിക്കുന്ന മരുന്നിലായിരുന്നു ജീവിതം.

ഭക്ഷണത്തിന് കടുത്ത നിയന്ത്രണമുണ്ടായിരുന്നതിനാല്‍ ആരോഗ്യസ്ഥിതി നാള്‍ക്കുനാള്‍ മോശമായി വരുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരുവര്‍ഷത്തിനകം ഭോപാലില്‍നിന്ന് സ്ഥലം മാറ്റിയായിരുന്നു പീഡനങ്ങളുടെ തുടക്കം.

കൊല്ലപ്പെട്ട വാര്‍ഡന്‍ രമാശങ്കര്‍ യാദവിന്‍െറ ഭാര്യ ഹിരാറാണി(മുന്നില്‍), മകള്‍ സോണിയ (വലതുവശത്ത് പിറകില്‍)ജയിലിനടുത്ത കോളനിയിലെ വീട്ടില്‍
 

തിരിച്ച് ഭോപാലിലേക്ക് വന്ന് കുടംബത്തോടൊപ്പം കഴിയാന്‍ ഒരുവര്‍ഷം അധികാരികളുടെ പിറകെ നടന്നു. ഒടുവില്‍ പ്രയാസപ്പെട്ട് തിരിച്ചുവന്നത് ഇഷ്ടമാകാത്ത തരത്തിലായിരുന്നു തുടര്‍ന്നുള്ള സമീപനം. വിരമിക്കാന്‍ രണ്ടുവര്‍ഷം മാത്രം ബാക്കിയുള്ള രോഗിയായ ഒരു മനുഷ്യനെന്ന പരിഗണനയില്ലാതെ ഏറ്റവും പ്രയാസമുള്ള ഷിഫ്റ്റ് മാത്രം പിതാവിന് നിരന്തരം നല്‍കിയെന്ന് മകള്‍ പറയുന്നു. നല്ല ആരോഗ്യവും പ്രാപ്തിയുമുള്ള വാര്‍ഡന്‍മാരെ വെക്കേണ്ട സ്ഥലത്താണ് തന്നെ നിയോഗിക്കാറുള്ളതെന്ന് പിതാവ്  പറയാറുണ്ടായിരുന്നുവെന്ന് മകള്‍ കൂട്ടിച്ചേര്‍ത്തു. രമാശങ്കറിന് രാത്രിജോലി ഒഴിവാക്കി കിട്ടാന്‍ ഡോക്ടര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഒരിക്കല്‍പോലും ആ ആവശ്യം ചെവിക്കൊണ്ടില്ല.

തീവ്രവാദികളെ പാര്‍പ്പിച്ച സെല്ലുകള്‍ക്ക് മുന്നില്‍ കാവലായതുകൊണ്ട് കൈയില്‍ ആയുധമുണ്ടാകില്ല.  
ആയുധം തടവുകാര്‍ പിടിച്ചെടുത്ത് ആക്രമിക്കുന്നത് ഒഴിവാക്കാനാണ് ഈ മുന്‍കരുതല്‍.
 ഇതിനുമുമ്പ് സെല്ലിലുള്ളവര്‍ പിതാവിനെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ളെന്നായിരുന്നു സോണിയയുടെയും മാതാവ് ഹിരാറാണിയുടെയും മറുപടി.  ഭക്ഷണം മോശമാകുമ്പോഴും നമസ്കാരത്തിന് സൗകര്യം അനുവദിക്കാത്തപ്പോഴും തടവുകാര്‍ ചീത്ത പറയാറുണ്ടായിരുന്നു. രാവും പകലും മാറിമാറി നാല് മണിക്കൂര്‍ കാവല്‍ ജോലിയായിരുന്നു രമാശങ്കറിന്. വീട്ടില്‍നിന്ന് അര മണിക്കൂര്‍കൊണ്ട് അദ്ദേഹത്തിന് ജയിലിലത്തൊം.

അടുത്തമാസം വിവാഹം നടക്കാനിരിക്കുന്ന മകളോടൊത്തുള്ള അവസാന ദീപാവലി എന്ന നിലയില്‍ ജയില്‍ചാട്ടം നടന്നദിവസം പൂര്‍ണ അവധിയെടുത്തിരുന്നു രമാശങ്കര്‍. എന്നാല്‍, ജയിലിലെ മറ്റുള്ളവര്‍ ദീപാവലി അവധിയിലായതിനാല്‍ ഡ്യൂട്ടിക്ക് വരണമെന്ന് പിതാവിന് ഉച്ചക്കുശേഷം അറിയിപ്പ് കിട്ടിയതായി സോണിയ പറഞ്ഞു. അങ്ങനെയാണ് രാത്രി ഒന്നരക്ക് രമാശങ്കര്‍ വീട്ടില്‍നിന്നിറങ്ങിയത്. രണ്ടിന് ഡ്യൂട്ടിയിലത്തെുന്ന സമയത്തായിരുന്നു സംഭവങ്ങളെല്ലാം.

ഒന്ന് ചെറുക്കാന്‍പോലും ശേഷിയില്ലാത്ത പിതാവിനെയാണ് തീവ്രവാദികള്‍ കഴുത്തറുത്തുകൊന്നതെന്ന് മകള്‍ വേദനയോടെ പറഞ്ഞു. പാത്രം മൂര്‍ച്ചവരുത്തി, അതുകൊണ്ടാണ് കഴുത്തറുത്തത്. പിതാവിന്‍െറ കൂടെ അന്ന് ഡ്യൂട്ടിക്കുണ്ടായിരുന്ന ചന്ദന്‍ സിങ്ങിനെ ബന്ധനസ്ഥനാക്കിയെന്നും സോണിയ പറഞ്ഞു. എന്നാല്‍,  ചന്ദന്‍ സിങ്ങിനെ മുന്‍പരിചയമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ക്കറിയില്ളെന്ന് ഇരുവരും പറഞ്ഞു.

പിതാവ്  മരിച്ചശേഷം കൂടെ ജോലിക്കുണ്ടായിരുന്ന ആള്‍ വീട്ടില്‍ വന്നിരുന്നുവെന്ന് മറ്റുള്ളവര്‍ പറഞ്ഞാണ് അറിഞ്ഞതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
കൊല്ലപ്പെട്ട രമാശങ്കറില്‍നിന്ന് തടവുകാര്‍ക്ക് താക്കോല്‍ കിട്ടിയിട്ടില്ളെന്നും ഇത്  ജയിലറുടെ പക്കലാണുണ്ടാവുകയെന്നുമാണ് വാര്‍ഡന്‍ ചന്ദന്‍ സിങ് പറയുന്നത്. 

വീട്ടില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വന്നുവെന്നും  ജോലി വാഗ്ദാനം ചെയ്തുവെന്നും സോണിയ പറഞ്ഞു.
എന്നാല്‍, പിതാവ്  അനുഭവിച്ച പീഡനമറിയുന്നതിനാല്‍ ജയില്‍ വകുപ്പില്‍ ജോലിവേണ്ടെന്നായിരുന്നു സോണിയയുടെ മറുപടി.  തനിക്കും ഭയമുണ്ടെന്നും  സംരക്ഷണം വേണമെന്നും ഹിരാറാണി പറഞ്ഞു. ഇവരുടെ മറ്റ് രണ്ട് ആണ്‍മക്കള്‍ സൈന്യത്തിലാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bhopal encounterjail wardanramasanker
News Summary - bhopal encounter : unveiled parts
Next Story