‘മാതാപിതാക്കൾ പൊലീസിലാണെന്ന് പറഞ്ഞിരുന്നെങ്കിൽ അവരെന്നെ കൊന്നേനെ’
text_fieldsഭോപാൽ (മധ്യപ്രദേശ്): തെൻറ അച്ഛനും അമ്മയും പൊലീസിലാണെന്ന് പറഞ്ഞിരുന്നെങ്കിൽ ആക്രമികൾ തന്നെ കൊന്നേനെയെന്ന് ഭോപാലിൽ ബലാത്സംഗത്തിനിരയായ 19കാരി. സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന പെൺകുട്ടി ചൊവ്വാഴ്ച വൈകീട്ടാണ് ഹബീബ് ഗഞ്ച് റെയിൽവേ സ്റ്റേഷന് വിളിപ്പാടകലെ അതിക്രമത്തിന് ഇരയായത്. പെൺകുട്ടിയുടെ പിതാവ് റെയിൽവേ സംരക്ഷണസേനയിലും മാതാവ് മധ്യപ്രദേശ് പൊലീസിലുമാണ്.
പ്രതികൾ തന്നെ നിരന്തരം മർദിക്കുകയും മാതാപിതാക്കൾ ആരെന്ന് പറയാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ, അവർ പൊലീസിലാണെന്ന വസ്തുത മറച്ചുവെച്ച് മാതാവിന് തയ്യൽ ജോലിയും പിതാവിന് കൂലിപ്പണിയുമാണെന്ന് പറഞ്ഞു. സമ്പന്നകുടുംബത്തിൽപെട്ടതാണെങ്കിൽ കേസുമായി മുന്നോട്ടു പോകുമെന്ന് ഭയന്നാണ് അവർ കുടുംബപശ്ചാത്തലം അന്വേഷിച്ചത്. സമ്പന്നയാണെങ്കിൽ കൊല്ലാനോ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനോ ആയിരുന്നു പദ്ധതി. താൻ ദരിദ്രയാണെന്ന് കരുതി അവർ ഉപേക്ഷിക്കുകയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു.
അതേസമയം, തെൻറ മകൾ ധീരയാണെന്നും അവളെ ദ്രോഹിച്ചതിലൂടെ പ്രതികളുടെ ജീവിതമാണ് തകരുകയെന്നും മാതാവ് പറഞ്ഞു. മുമ്പ് െഎ.എ.എസുകാരിയാവാനാണ് മകൾ ആഗ്രഹിച്ചത്. ഇപ്പോൾ െഎ.പി.എസ് നേടി ഇത്തരം കുറ്റവാളികളെ പാഠം പഠിപ്പിക്കണമെന്നാണ് അവൾ ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മൂന്ന് പ്രതികളിൽ രണ്ടുപേരെ സമീപത്തെ അനധികൃത ചേരിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുമ്പ് ഇതേ സ്ഥലത്ത് പെൺകുട്ടി ബലാത്സംഗത്തിനിരയായത്രെ. എന്നാൽ, സമൂഹഭ്രഷ്ട് ഭയന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകാൻ കൂട്ടാക്കിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രതികൾക്കുവേണ്ടി കോടതിയിൽ ഹാജരാവില്ലെന്ന് ഭോപാൽ ബാർ അസോസിയേഷൻ പ്രസിഡൻറ് രാജേഷ് വ്യാസ് അറിയിച്ചു. കേസ് നടത്തിപ്പിന് അതിവേഗകോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. രാജ്യത്ത് സ്ത്രീകൾക്കുനേരെ കൂടുതൽ അതിക്രമം നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവിടെ ഒാരോ രണ്ടുമണിക്കൂറിലും ഒരു ബലാത്സംഗം നടക്കുന്നതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.