ഗ്ലോബലല്ല, ലോക്കൽ; ആഗോള നിക്ഷേപ ഉച്ചകോടിയിൽ ഭക്ഷണത്തിനായി ആളുകളുടെ തമ്മിൽതല്ല് -വിഡിയോ
text_fieldsഭോപ്പാൽ: ഭോപ്പാലിൽ ഫെബ്രുവരി 24, 25 തീയതികളിലായി നടന്ന എട്ടാമത് ആഗോള നിക്ഷേപ ഉച്ചകോടിയിൽ ഭക്ഷണത്തിനായി ആളുകളുടെ തമ്മിൽതല്ല്.
30 ലക്ഷം കോടി രൂപയുടെ വൻ കോർപ്പറേറ്റ് നിക്ഷേപങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഉച്ചകോടിയിലാണ് ബിസിനസ് ചർച്ചകൾ മറന്ന് പരിപാടിയിൽ പങ്കെടുത്തവർ ഭക്ഷണത്തിനായി പിടിവലികൂടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പ്രമുഖ വ്യവസായി ഗൗതം അദാനിയുമുൾപ്പെടെ നിരവധി പ്രമുഖ നേതാക്കളും നിക്ഷേപകരും പങ്കെടുത്ത ഉച്ചകോടിയിലാണ് രസകരമായ ഈ സംഭവം.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. ഭക്ഷണത്തിന് വേണ്ടിയുള്ള ആളുകളുടെ തള്ളികയറ്റത്തിൽ കൗണ്ടറുകൾ തകരുന്നതും പ്ലേറ്റുകൾക്ക് വേണ്ടി പിടിവലികൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
നിരവധി പേർ സംഭവത്തിൽ പ്രതികരണവുമായെത്തി. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങളെന്നും ഭക്ഷണത്തിന് വേണ്ടി രാജ്യത്തെ ജനങ്ങള്‍ പരസ്പരം യുദ്ധം ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നും ചിലര്‍ കമന്റ് ചെയ്തു.
രാജ്യത്തെ സ്ഥിതിഗതികളെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാന്‍ പരിപാടിയില്‍ പങ്കെടുത്ത ഇന്‍വെസ്റ്റേഴ്‌സിന് ഈ ദൃശ്യങ്ങള്‍ സഹായകമാകുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഭക്ഷണം കഴിക്കാനായി നിക്ഷേപകരെന്ന വ്യാജേന എത്തിയവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.