ഭോപ്പാൽ ഏറ്റുമുട്ടൽ: പൊലീസിനെ അക്രമിച്ചതിനാലെന്ന് ജുഡീഷ്യൽ കമീഷൻ
text_fieldsഭോപ്പാല്‍: സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ എട്ടു സിമി പ്രവർത്തകർ പൊലീസിനെ അക്രമിച്ചതിനെ തുടർന്നാണ് കൊല്ലപ്പെട്ടതെന്ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തെ തുടർന്നാണ് എട്ടുപേരെയും വെടിവെച്ച് കൊലപ്പെടുത്തിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഹൈകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എസ്.കെ പാണ്ഡെയാണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്.
ജയിൽ ചാടിയവരോട് പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇവർ പൊലീസിന് നേരെ വെടിയുതിർത്തതിനെതുടർന്നാണ് പൊലീസിന് അവർക്കെതിരെ നിറയൊഴിക്കേണ്ടി വന്നത്. ഇവരിൽ പലർക്കുമെതിരെ നിരവധികേസുകളാണ് ചുമത്തിയിരുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ വധശിക്ഷയോ ജീവപര്യന്തമോ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു അവയെന്നും റിപ്പോർട്ടിൽ പറയുന്നു.
2016 ഒക്ടോബറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭോപ്പാൽ സെൻട്രൽ ജയിലിൽ തടവിലായിരുന്ന സിമി പ്രവർത്തകർ പുലർച്ചെ മൂന്നു മണിയോടെയാണ് ജയിൽ ചാടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിനെ കൊലപ്പെടുത്തിയ ശേഷമായിരുന്നു പ്രതികൾ കടന്നു കളഞ്ഞത്. പിന്നീട് ഇവരെ ഏറ്റുമുട്ടലിലൂടെ വധിക്കുകകയായിരുന്നു. 2017ൽ തന്നെ എസ്.കെ പാണ്ഡെ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് വരുന്ന ദിവസങ്ങളിൽ മധ്യപ്രദേശ് നിയമസഭ ചർച്ച ചെയ്യും.
അതേസമയം, ഏറ്റുമുട്ടൽ വ്യാജമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഐ.എസ്.ഒ അംഗീകാരം നേടിയ സുരക്ഷാസംവിധാനങ്ങളുള്ള ജയിലില്‍നിന്ന് തടവുചാടിയെന്ന പൊലീസ് കഥ അവിശ്വസനീയമാണ്. ജയില്‍ചാടിയ ഇവർ 10 കിലോമീറ്ററോളം സംഘം ചേര്‍ന്ന് നടന്നിട്ടും കൈയോടെ പിടികൂടാതെ വെടിവെച്ചു കൊന്നുവെന്ന വിശദീകരണം സംശയങ്ങളുണ്ടാക്കുന്നതാണെന്നും മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.