ഭോപാലിലെ പാക് ചാരക്കേസ്: ഒരാള്‍കൂടി അറസ്റ്റില്‍
text_fieldsന്യൂഡല്‍ഹി: ഭോപാലിലെ പാക് ചാരക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. ഡല്‍ഹി ജുമാമസ്ജിദിന് സമീപം ഹോട്ടല്‍ നടത്തുന്ന അബ്ദുല്‍ ജബ്ബാര്‍ എന്ന 62കാരനാണ് പിടിയിലായത്. ഭോപാലില്‍നിന്നുള്ള യുവമോര്‍ച്ച നേതാവ്, ഗ്വാളിയോറിലെ ബി.ജെ.പി കൗണ്‍സിലറുടെ അടുത്ത ബന്ധു എന്നിവര്‍ ഉള്‍പ്പെടെയുള്ള 11 പേരെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. മധ്യപ്രദേശ് ആന്‍റി ടെററിസ്റ്റ് സ്ക്വാഡും ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലും ചേര്‍ന്ന് പിടികൂടിയ ഇയാളെ ചോദ്യംചെയ്യാനായി ഭോപാലിലേക്ക് കൊണ്ടുപോയി.
ബി.ജെ.പി ബന്ധമുള്ളവര്‍ പാകിസ്താന് വിവരം ചോര്‍ത്തി നല്‍കിയതിന് പിടിയിലായത് സംഘ്പരിവാറിനും കേന്ദ്ര സര്‍ക്കാറിനും കനത്ത പ്രഹരമായ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍നിന്ന് ജബ്ബാറിന്‍െറ അറസ്റ്റ്.
ചാരസംഘടനക്ക് നക്സല്‍ബന്ധമുണ്ടെന്ന് പറയുന്ന അന്വേഷണ സംഘം ബിഹാറിലെ നക്സല്‍ബാധിത ജില്ലയായ ജുമെയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് അന്വേഷണ സംഘം പറയുന്നുമുണ്ട്.
പുതിയ സംഭവവികാസങ്ങള്‍ ചാരക്കേസില്‍ പ്രതിരോധത്തിലായ സംഘ്പരിവാറിന് ആശ്വാസം പകരുന്നതാണ്. ഇന്ത്യന്‍ സൈനികകേന്ദ്രങ്ങളുടെയും തന്ത്രപ്രധാന സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിനല്‍കുന്ന സംഘത്തെ ഫെബ്രുവരി ഒമ്പതിനാണ് മധ്യപ്രദേശ് എ.ടി.എസ് കുടുക്കിയത്. 2016 നവംബറില്‍ ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ ആര്‍.എസ് പുര മേഖലയില്‍നിന്ന് പിടിയിലായ പാക് ചാരസംഘടന ഏജന്‍റുമായ സത്വീന്ദര്‍, ദാഡു എന്നിവരില്‍നിന്നുള്ള വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ചാരസംഘത്തെ പിടികൂടിയതെന്നാണ് പൊലീസ് നല്‍കിയ വിവരം.
ഭോപാലില്‍നിന്ന് മൂന്നു പേര്‍, ഗ്വാളിയോറില്‍നിന്ന് അഞ്ചു പേര്‍, ജബല്‍പുരില്‍നിന്ന് രണ്ടു പേര്‍, സത്നയില്‍നിന്ന് ഒരാള്‍ എന്നിങ്ങനെ 11 പേരെയാണ് ഫെബ്രുവരി ഒമ്പതിന് പിടികൂടിയത്.
ഭോപാലില്‍നിന്ന് പിടിയിലായ ദ്രുവ് സക്സേന യുവമോര്‍ച്ചയുടെ ഐ.ടി വിഭാഗം ജില്ല കണ്‍വീനറാണ്. പാര്‍ട്ടിയുമായുള്ള ഇയാളുടെ ബന്ധം ആദ്യം ബി.ജെ.പി തള്ളിപ്പറഞ്ഞു. എന്നാല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രസംഗിക്കുന്ന വേദിയില്‍ മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് ദ്രുവ് സക്സേന പാര്‍ട്ടി ചിഹ്നം പതിച്ച ടീഷര്‍ട്ടും ഷാളുമണിഞ്ഞ് നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ വെട്ടിലായി. ഗ്വാളിയോറില്‍നിന്ന് പിടിയിലായ ജിതേന്ദ്ര ബി.ജെ.പിയുടെ കൗണ്‍സിലര്‍ വന്ദന സതീഷ് യാദവിന്‍െറ ബന്ധുവാണ്.
സത്നയില്‍നിന്ന് പിടിയിലായ ബല്‍റാം എന്നയാളാണ് സംഘത്തലവനെന്നും ചൈനീസ് നിര്‍മിത ടെലിഫോണ്‍ ഉപകരണങ്ങളുടെ സഹായത്തോടെ പാകിസ്താനിലുള്ളവരുമായി നിരന്തരം ബന്ധം പുലര്‍ത്തിയെന്നുമാണ് പൊലീസ് പറയുന്നത്.
പാകിസ്താനില്‍നിന്ന് ബല്‍റാമിന് പണം എത്തിയെന്നും അത് കശ്മീരിലെ മറ്റ് ഏജന്‍റുമാര്‍ക്ക് എത്തിച്ചുനല്‍കിയതാണ് ഡല്‍ഹിയില്‍ പിടിയിലായ ജബ്ബാറിന്‍െറ പങ്കെന്നും പൊലീസ് പറയുന്നു. എന്നാല്‍, കാലിന് സ്വാധീനമില്ലാത്ത ജബ്ബാറിനെതിരെ ഒരു കേസുപോലുമില്ളെന്നും നിരപരാധിയാണെന്നും ഡല്‍ഹി പൊലീസ് ജബ്ബാറിനെയും ഇരയാക്കുകയാണെന്നും ബന്ധുക്കള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.