ബനാറസ് സർവകലാശാല സംഘർഷം: മൂന്ന് അഡീ. മജിസ്ട്രേറ്റുമാരെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും നീക്കി
text_fieldsവാരാണസി: വിദ്യാർഥിനിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബനാറസ് ഹിന്ദു സർവകലാശാലയിലുണ്ടായ അനിഷ്ടസംഭവങ്ങൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചു. ഉത്തർപ്രദേശ് ഗവർണർ രാം നായികാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർഥിസമരത്തെ പൊലീസ് നേരിട്ട രീതിയും മറ്റും പരിശോധിച്ച് കമ്മിറ്റി തയാറാക്കുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തെതുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും മൂന്ന് അഡീഷനൽ സിറ്റി മജിസ്ട്രേറ്റുമാരെയും സംസ്ഥാന സർക്കാർ തൽസ്ഥാനത്തുനിന്ന് നീക്കി.
ലങ്ക പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഒാഫിസർ രാജീവ് സിങ്, ജെയ്ത്പുര സ്റ്റേഷനിലെ ഒാഫിസർ സഞ്ജീവ് മിശ്ര എന്നിവരെയാണ് നീക്കിയത്. അഡീഷനൽ സിറ്റി മജിസ്ട്രേറ്റുമാരായ മനോജ്കുമാർ സിങ്, സുശീൽകുമാർ ഗൗണ്ട്, ജഗദമ്മ പ്രസാദ് സിങ് എന്നിവരെയും മാറ്റിയതായി വാരാണസി ജില്ല ഇൻഫർമേഷൻ ഒാഫിസ് അറിയിച്ചു.പുറത്തുനിന്ന് ഇരുചക്രവാഹനത്തിൽ കാമ്പസിൽ കടന്ന മൂന്നംഗസംഘം ബിരുദവിദ്യാർഥിനിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രി വിദ്യാർഥികൾ നടത്തിയ സമരത്തിനുനേരെയായിരുന്നു പൊലീസ് അതിക്രമം.
വൈസ് ചാൻസലറെ കണ്ട് പ്രതിഷേധമറിയിക്കാൻ അദ്ദേഹത്തിെൻറ വസതിയിലേക്ക് മാർച്ച് നടത്തിയവരെ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്കും രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. സംഭവം വിവാദമായതോടെയാണ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ലഖ്നോവിലെ വസതിക്കുസമീപം പത്രപ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി. നടപടി ആവശ്യപ്പെട്ട് ജില്ലമജിസ്ട്രേറ്റിന് നിവേദനം നൽകി. അതിനിടെ, പരിക്കേറ്റ് ചികിത്സയിലുള്ള വിദ്യാർഥികളെ സന്ദർശിക്കാനെത്തിയ 200 എസ്.പി പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതേതുടർന്ന് പ്രവർത്തകർ നഗരത്തിൽ ധർണ നടത്തി. നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അക്രമസംഭവങ്ങൾ തടയാൻ കാമ്പസിൽ 1500 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.