ബേഗുസാരായിയിൽ ഭൂമിഹാറുകൾ കനിയണം
text_fieldsഒരു കാലത്ത് കമ്യൂണിസ്റ്റ് കോട്ടയും ബിഹാറിന്റെ ‘ലെനിൻഗ്രാഡും’ ആയിരുന്ന ബേഗുസാരായി ഇന്ന് ഹിന്ദുത്വ രാഷ്ട്രീയം വിളഞ്ഞ മണ്ണാണ്. കഴിഞ്ഞ തവണ കനയ്യ കുമാർ പ്രചാരണരംഗത്ത് കത്തിക്കയറിയ ബേഗുസാരായിയിലെത്തുമ്പോൾ സി.പി.ഐ അതിനേക്കാൾ കടന്നാക്രമണത്തിലും ബി.ജെ.പി പ്രതിരോധത്തിലുമാണ്. സിറ്റിങ് എം.പിക്കെതിരായ ഭരണവിരുദ്ധ വികാരവും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരായ ജനരോഷവും മണ്ഡലത്തിലെങ്ങും പ്രകടമാണ്.
ഹിന്ദു-മുസ്ലിം ധ്രുവീകരണത്തിനായി നിരന്തരം വർഗീയ പ്രസംഗങ്ങൾ നടത്തിയ ഗിരിരാജിനെ വോട്ടർമാർ നേരിട്ട് ചോദ്യം ചെയ്യുകപോലുമുണ്ടായി. എന്നിട്ടും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന ബേഗുസാരായി പിടിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയാൻ സി.പി.ഐക്ക് കഴിയുന്നില്ല. അഞ്ച് ലക്ഷത്തിലേറെ വോട്ടുള്ള മോദിഭക്തരായ ഭൂമിഹാറുകൾക്ക് മണ്ഡലത്തിന്മേലുള്ള ആധിപത്യംതന്നെ കാരണം.
കോൺഗ്രസിൽ ചേക്കേറിയ സഖാവ് കനയ്യ കുമാർ കണ്ണുവെച്ചെങ്കിലും സി.പി.ഐ വിട്ടുകൊടുക്കാതിരുന്നതിലൂടെയാണ് ബേഗുസാരായി ദേശീയ ശ്രദ്ധയാകർഷിച്ചത്. ബിഹാറിൽ ഇൻഡ്യ സഖ്യം സി.പി.ഐക്ക് മത്സരിക്കാൻ നൽകിയ ഏക മണ്ഡലം. സി.പി.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡി. രാജ ലാലു പ്രസാദ് യാദവിനെയും തേജസ്വി യാദവിനെയും നേരിൽ കണ്ടു ചോദിച്ചു വാങ്ങിയതാണ്.
കഴിഞ്ഞ തവണ സി.പി.ഐ ടിക്കറ്റിൽ മത്സരിച്ച കനയ്യ കുമാർ ഇക്കുറി ഇൻഡ്യ സഖ്യത്തിന്റെ ബാനറിൽ കോൺഗ്രസ് സ്ഥാനാർഥിയാകാൻ പഠിച്ച പണിയത്രയും പുറത്തെടുത്തതാണ്. ഏക മണ്ഡലം വിട്ടൊരു കളിയുമില്ലെന്ന് സി.പി.ഐ തീരുമാനിച്ചതോടെ കനയ്യയെ കോൺഗ്രസ് വടക്കുകിഴക്കൻ ഡൽഹിയിലേക്ക് അയക്കാൻ നിർബന്ധിതമായി.
തങ്ങളുടെ വോട്ട് ഗിരിരാജിനല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നുമാണ് ഭൂമിഹാറുകൾ പറയുന്നത്. ‘മോദി സറൂറി ഹെ, ഗിരിരാജ് മജ്ബൂരി ഹെ’ (മോദി ആവശ്യമായതിനാൽ ഗിരിരാജ് അനിവാര്യമാണ്) എന്നാണ് അവരുടെ ന്യായം.
വർഗീയവും മുസ്ലിം വിരുദ്ധവുമായ പ്രസംഗങ്ങളിലൂടെ മാത്രം നിലനിൽക്കുന്ന ഗിരിരാജ് സിങ് ബേഗുസാരായിക്ക് നാണക്കേടാണെന്ന സി.പി.ഐ സ്ഥാനാർഥിയുടെ ആരോപണം ശരിവെക്കുന്ന ഭൂമിഹാറുകളും വോട്ട് ബി.ജെ.പിക്കായിരിക്കുമെന്ന് പറയുന്നത് ഈ മോദിഭക്തികൊണ്ടാണ്.
നാല്, നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയ കഴിഞ്ഞ തവണത്തേതു പോലെയല്ല കാര്യങ്ങളെന്ന് പ്രാദേശിക മാധ്യമപ്രവർത്തകനായ കുമാർ ഭവേഷ് പറഞ്ഞു. ഗിരിരാജ് ഭൂമിഹാറാണെന്ന് കരുതി എല്ലാ ഭൂമിഹാർ വോട്ടുകളും ഇക്കുറി അദ്ദേഹത്തിന് കിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മണ്ഡലത്തിന് പുറത്ത് നിന്നുള്ള കേന്ദ്രമന്ത്രി ഗിരിരാജും മണ്ഡലത്തിനകത്തുള്ള രാജ്യസഭ എം.പി രാകേഷ് സിൻഹയും ടിക്കറ്റിനായി ബി.ജെ.പിക്കുള്ളിൽ നടത്തിയ തമ്മിൽതല്ല് വോട്ടർമാരുടെ മനസ്സിലുണ്ട്. എയർപോർട്ടിൽവെച്ച് പരസ്പരം കണ്ടുമുട്ടിയ ഇരുവരും പരസ്യമായ വാഗ്വാദത്തിലേർപ്പെട്ട വിഡിയോ മണ്ഡലത്തിൽ വൈറലാണ്. വോട്ടുചോദിച്ചെത്തിയ ഗിരിരാജിനെ തടഞ്ഞ് ഇനിയും വിദ്വേഷ പ്രസംഗങ്ങൾ നടത്തരുതെന്ന് വോട്ടർമാർ പറഞ്ഞ വിഡിയോയും പ്രചാരം നേടിയിട്ടുണ്ട്.
ഇതെല്ലാം കണ്ടാണ് സി.പി.ഐ സ്ഥാനാർഥി അവധേഷ് കുമാർ തന്റെ ജയസാധ്യതയെക്കുറിച്ച് പറയുന്നത്.സി.പി.ഐ സ്ഥാനാർഥിക്കൊപ്പം മുതിർന്നവർ മാത്രമാണെന്നും ചെറുപ്പക്കാരില്ലെന്നും ചൂണ്ടിക്കാണിച്ചപ്പോൾ യുവ നേതാവായ കനയ്യയെപോലെ യുവാക്കളെ ആകർഷിക്കാൻ 72കാരനായ അവധേഷ് റായിക്ക് കഴിയുന്നില്ലെന്ന് സ്ഥാനാർഥിയുടെ പ്രചാരണസ്ഥലത്തേക്ക് വഴികാണിച്ച ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഐസയുടെ നേതാവ് പറഞ്ഞു.
ഒരു കാലത്ത് ഇടതുകോട്ടയായിരുന്ന ബേഗുസാരായി ഭൂമിഹാറുകളുടെ ബലത്തിലാണ് ബി.ജെ.പി പിടിച്ചെടുത്തത്. ‘മോദി ഹെ തോ മുംകിൻ ഹെ’ (മോദിയുണ്ടെങ്കിൽ സാധ്യമാണ്) എന്ന ആത്മവിശ്വാസത്തിലാണ് മറുഭാഗത്ത് ബി.ജെ.പി സ്ഥാനാർഥിയായ ഗിരിരാജ് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.