മോദിയും അമിത് ഷായും പറന്നെത്തി; ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ വീണ്ടും ഭൂപേന്ദ്ര പട്ടേൽ യുഗം. രണ്ടാംതവണയും മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. പ്രധാന്മന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും ഗാന്ധിനഗറിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
വിജയ് രൂപാണിയുടെ പിൻഗാമിയായി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പട്ടേൽ മുഖ്യമന്ത്രിക്കസേരയിലെത്തിയത്. ഗുജറാത്തിന്റെ 18ാം മുഖ്യമന്ത്രിയായാണ് അദ്ദേഹം അധികാരമേറ്റത്. ചടങ്ങിൽ ഗവർണർ ആചാര്യ ദേവ്റത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തിയിരുന്നു.
എം.എൽ.എമാരായ ഹർഷ് സംഘവി, ജഗ്ദീഷ് വിശ്വകർമ, പർശോട്ടം സോളങ്കി, ബചുബായ് ഖബാദ്, മുകേഷ് പട്ടേൽ, പ്രഫുൽ പൻഷേരിയ, ഭിഖുസിങ് പാർമർ, കൻവർജി ഹൽപതി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
പരിപാടിയിൽ സംസ്ഥാനത്തെ 200 ഓളം സന്യാസിമാരും പങ്കെടുത്തു. ഇവർ പ്രത്യേക ക്ഷണിതാവായാണ് എത്തിയത്.
ഗുജറാത്തിൽ 156 സീറ്റിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി അധികാരത്തിലേറിയത്. തുടർച്ചയായ ഏഴാം തവണയാണ് ബി.ജെ.പി ഗുജറാത്തിൽ അധികാരത്തിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.