ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് പണം നൽകിയിട്ടില്ല; ഇ.ഡി കുടുക്കിയതെന്ന് മഹാദേവ് അഴിമതി കേസിലെ പ്രതി
text_fieldsറായ്പൂർ: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് 508 കോടി നൽകിയെന്ന മൊഴിമാറ്റി മഹാദേവ് ബെറ്റിങ് അഴിമതി കേസിലെ പ്രതി അസിം ദാസ്. ഛത്തീസ്ഗഢിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അസിം ദാസിന്റെ മൊഴി മാറ്റം. കേസിൽ തന്നെ കുടുക്കുകയായിരുന്നുവെന്നാണ് ഇ.ഡി ഡയറ്കടർക്ക് നൽകിയ കത്തിൽ അസിം ദാസ് വ്യക്തമാക്കുന്നത്.
മഹാദേവ് ബെറ്റിങ് ആപിന് പിന്നിലെ ബുദ്ധികേന്ദ്രമായ ശുഭം സോണി തന്റെ ബാല്യകാല സുഹൃത്താണ്. ഛത്തീസ്ഗഢിൽ കൺസ്ട്രക്ഷൻ ബിസിനസിൽ പങ്കാളിയാക്കാമെന്ന് ശുഭം സോണി തന്നോട് പറഞ്ഞു. ഇതിനുള്ള പണവും സംഘടിപ്പിക്കാമെന്ന് സോണി പറഞ്ഞു. തുടർന്ന് താൻ സോണിയുടെ നിർദേശപ്രകാരം റായ്പൂർ വിമാനത്താവളത്തിലെത്തി.
വിമാനത്താവളത്തിലെത്തിയ തന്നോട് പാർക്കിങ്ങിലുള്ള കാറെടുത്ത് ഹോട്ടലിലേക്ക് സോണി പോകാൻ പറഞ്ഞു. ഹോട്ടലിലെത്തി കാർ പാർക്ക് ചെയ്ത് റൂമിലേക്ക് പോയി. ഇതിനിടയിൽ ആരോ തന്റെ കാറിൽ പണം കൊണ്ടു വെക്കുകയായിരുന്നുവെന്നും പിന്നാലെയെത്തിയ ഇ.ഡി സംഘം ഹോട്ടൽ മുറിയിൽ വെച്ച് അറസ്റ്റ് ചെയ്തുവെന്നും അസിംദാസ് പറഞ്ഞു. താൻ ഒരു രാഷ്ട്രീയക്കാരനും പണം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലീഷിലെഴുതിയ മൊഴിയിൽ ഇ.ഡി സംഘം നിർബന്ധിച്ചു ഒപ്പുവെപ്പിച്ചുവെന്നും അസിം ദാസ് ഇ.ഡി ഡയറ്കടർക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യു.എ.ഇയിൽ 200 കോടി മുടക്കി നടത്തിയ ആഡംബര വിവാഹത്തോടെയാണ് മഹാദേവ് ബെറ്റിങ് ആപ് ഇ.ഡിയുടെ വലയത്തിൽ വരുന്നത്. പിന്നീട് കോൺഗ്രസ് മുഖ്യമന്ത്രി ഉൾപ്പടെ ആരോപണ വിധേയനായി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനാണ് ഇ.ഡിയെ ഉപയോഗിക്കുന്നതെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലാണ് അസിം ദാസിന്റെ ഇപ്പോഴുള്ള മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.