‘മണിപ്പൂർ മാധ്യമങ്ങൾ ഒരു സമുദായത്തിനെതിരെ ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്യുന്നു’ -കരസേന എഡിറ്റേഴ്സ് ഗിൽഡിന് അയച്ച കത്ത് പുറത്ത്
text_fieldsന്യൂഡൽഹി: വംശീയാതിക്രമം നടക്കുന്ന മണിപ്പൂരിൽ പ്രാദേശിക മാധ്യമങ്ങൾ പക്ഷപാതപരമായി റിപ്പോർട്ട് ചെയ്യുന്നത് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കരസേന എഡിറ്റേഴ്സ് ഗിൽഡിന് അയച്ച കത്ത് പുറത്ത്. സേനയുടെ ആവശ്യത്തെതുടർന്ന് മണിപ്പൂർ സന്ദർശിച്ച എഡിറ്റേഴ്സ് ഗിൽഡ് വസ്തുതാന്വേഷണ സംഘത്തിനെതിരെ സംസ്ഥാന പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ കേസ് നടക്കുന്നതിനിടയിലാണ് കേണൽ അനുരാഗ് പാണ്ഡെ ജുലൈ 12ന് ഒപ്പുവെച്ച കത്തിലെ വിശദാംശങ്ങൾ പുറത്തുവന്നത്.
കലാപവുമായി ബന്ധപ്പെട്ട് ഇംഫാൽ ആസ്ഥാനമായുള്ള പ്രാദേശിക മാധ്യമങ്ങൾ ഒരു സമുദായത്തിനെതിരെ ഏകപക്ഷീയമായാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശത്ത് ഇന്റർനെറ്റ് നിരോധനം ഉണ്ടായിരുന്നിട്ടും ഈ മാധ്യമങ്ങളിൽ വന്ന വളച്ചൊടിച്ച വാർത്തകൾ ആക്രമണം വർധിപ്പിക്കാൻ കാരണമായി. അതിനാൽ, മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കുമുള്ള മാർഗനിർദേശങ്ങൾ ഇവർ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നതായി കത്തിൽ പറയുന്നു. രണ്ട് സമുദായങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ സാമാധാനത്തിന് അവസരം ഉണ്ടാക്കുകയായിരുന്നു മാധ്യമങ്ങൾ ചെയ്യേണ്ടിയിരുന്നതെന്നും കത്ത് ചൂണ്ടിക്കാട്ടി.
മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതിന്റെ തെളിവുകളും സേന നൽകിയിരുന്നു. സാന്‍ഗായ് എക്സ്പ്രസ്, ദ പീപിള്‍സ് ക്രോണിക്കിള്‍, ഇംഫാല്‍ ഫ്രീ പ്രസ് പത്രങ്ങളുടെ റിപ്പോര്‍ട്ടുകളാണ് തെളിവായി നൽകിയത്. ഇതിനുപിന്നാലെ സംസ്ഥാനം സന്ദർശിച്ച എഡിറ്റേഴ്സ് ഗില്‍ഡ് വസ്തുതാന്വേഷണ സംഘം, മാധ്യമങ്ങൾ ഏകപക്ഷീയമായാണ് റിപ്പോർട്ട് ചെയ്തതെന്ന് വ്യക്തമാക്കുകയുണ്ടായി.
തുടർന്നാണ് വസ്തുതാന്വേഷണ സംഘത്തിലെ മൂന്ന് മുതിർന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മണിപ്പൂർ പൊലീസ് കേസെടുക്കുന്നത്. എഡിറ്റേഴ്സ് ഗിൽഡ് സുപ്രീംകോടതിയെ സമീപിച്ചതോടെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.