നീതി ആയോഗ് യോഗം ഡൽഹിയിൽ തുടങ്ങി; നിതീഷ് കുമാറും ചന്ദ്രശേഖർ റാവുവും ബഹിഷ്കരിച്ചു
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നീതി ആയോഗ് യോഗം ഡൽഹിയിൽ തുടങ്ങി. മുഖ്യമന്ത്രിമാർ, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്. ഗവർണർമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനങ്ങളിലെ സാമ്പത്തിക സാഹചര്യം, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, കോവിഡ്, വാനര വസൂരി വ്യാപനത്തിനിടയിലെ ആരോഗ്യ മേഖല എന്നിവയാണ് ചർച്ച വിഷയങ്ങൾ. രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിലാണ് യോഗം പുരോഗമിക്കുന്നത്.
കേന്ദ്രം അവഗണിക്കുകയാണെന്നാരോപിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ബി.ജെ.പിയുമായുള്ള ഭിന്നതയെ തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗം ബഹിഷ്കരിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ യോഗം നിതീഷ് കുമാർ ബഹിഷ്കരിക്കുന്നത്.
എന്നാൽ നാളെ നടക്കുന്ന ജനത ദർബാറിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഘടകകക്ഷി നേതാക്കളുമായി അന്നേദിവസം നിതീഷ് കുമാർ ചർച്ച നടത്തും. അനാരോഗ്യം കാരണം കഴിഞ്ഞ ദിവസങ്ങളിൽ മാറ്റിവെച്ച യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്യും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി മോദി നൽകിയ അത്താഴവിരുന്നിൽ നിന്നും രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്ഥാനാരോഹണത്തിൽ നിന്നും നിതീഷ് കുമാർ വിട്ടുനിന്നിരുന്നു.
സംസ്ഥാന വികസന റാങ്കിങ്ങിൽ ബിഹാറിനെ ഏറ്റവും താഴെയാക്കിയതിൽ നീതി ആയോഗിനോട് ആണ് നിതീഷ് കുമാറിന് വിയോജിപ്പുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലും നിതീഷ് കുമാർ പങ്കെടുത്തില്ല. പകരം പ്രതിനിധിയെ അയക്കുകയായിരുന്നു ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.