വലിയ അവസരം –നിയുക്ത ഗവർണർ
text_fieldsന്യൂഡൽഹി: കേരളത്തിൽ ഗവർണറായി നിയോഗിക്കപ്പെട്ടത് തനിക്ക് കിട്ടിയ വലിയ അവസരമാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ. സുന്ദരമായ പ്രദേശവും മഹത്തായ ജനതയുമാണത്. ഒരു പാർട്ടിയിലും ഇപ്പോൾ അംഗമല്ലാത്ത തന്നെ ഗവർണർ സ്ഥാനത്തേക്ക് നിർദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ട് -68കാരനായ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
രണ്ടുവട്ടം പ്രളയക്കെടുതി നേരിട്ട കേരളത്തിലെ പുനർനിർമാണം ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും തെക്കൻ ഡൽഹിയിലെ വസതിയിലെത്തിയ മാധ്യമപ്രവർത്തകരോട് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഗവർണർക്ക് രാഷ്ട്രീയമില്ല. എല്ലാവരെയും തുല്യരായി കാണും. ഭരണഘടനയുടെ അന്തസ്സ് പരിപാലിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രണ്ടു ദിവസത്തിനകം കേരളത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ കേരളത്തിെൻറ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത് വൈകീട്ട് നിയുക്ത ഗവർണറെ വസതിയിൽ ചെന്നുകണ്ട് അനുമോദിച്ചു.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാൻ ഒരു വ്യാഴവട്ടക്കാലമായി സജീവ രാഷ്ട്രീയം വിെട്ടങ്കിലും ബി.ജെ.പിയുടെ പിന്തുണക്കാരനാണ്. മുത്തലാഖ് ബിൽ പാസാക്കാനുള്ള മോദിസർക്കാറിെൻറ ശ്രമങ്ങളെ പ്രകീർത്തിച്ചുവന്ന അദ്ദേഹത്തിന് രാജ്യസഭാംഗത്വം കിട്ടിയേക്കുമെന്ന സൂചനകൾക്കിടയിലാണ് ഗവർണർപദം.
ഡൽഹി ജാമിഅ മില്ലിയ സ്കൂൾ, അലീഗഢ്, ലഖ്നോ സർവകലാശാലകളിലായി പഠനം പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാൻ യു.പി മുൻമുഖ്യമന്ത്രി ചരൺ സിങ് രൂപം നൽകിയ ഭാരതീയ ക്രാന്തിദൾ വഴിയാണ് രാഷ്്ട്രീയത്തിൽ എത്തിയത്. ആദ്യ മത്സരത്തിൽ തോറ്റെങ്കിലും 26ാം വയസ്സിൽ, 1977ൽ യു.പി നിയമസഭാംഗമായി. 1980 മുതൽ കോൺഗ്രസിനൊപ്പം. അക്കൊല്ലം കാൺപുരിൽനിന്നും 1984ൽ ബഹ്റൈച്ചിൽനിന്നും ലോക്സഭാംഗമായി.
മുസ്ലിം സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ട് 1986ൽ ദേശീയ ശ്രദ്ധ നേടിയ ഷാബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ രാജീവ് ഗാന്ധി സർക്കാർ കൊണ്ടുവന്ന മുസ്ലിം വനിത വിവാഹമോചന അവകാശ സംരക്ഷണ നിയമം കോൺഗ്രസിെൻറ മതേതര സ്വഭാവത്തിന് എതിരാണെന്ന് കുറ്റപ്പെടുത്തി സഹമന്ത്രി സ്ഥാനം രാജിവെച്ച് പാർട്ടി വിട്ട ആരിഫ് മുഹമ്മദ് ഖാൻ ജനതാദളിൽ ചേർന്നു. 1989ൽ ജനതാദൾ ടിക്കറ്റിൽ േലാക്സഭയിൽ എത്തി; ജനതാദൾ സർക്കാറിൽ വ്യോമയാന മന്ത്രിയായി.
’98ൽ ജനതാദളും വിട്ടു. പിന്നെ ബി.എസ്.പിയിൽ. ബഹ്റൈച്ചിൽനിന്ന് വീണ്ടും മത്സരിച്ചു ജയിച്ചു. 2004ലാണ് ബി.ജെ.പിയിൽ ചേർന്നത്. അക്കൊല്ലം ലോക്സഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു. രണ്ടു മൂന്നു വർഷത്തിനകം സജീവ ബി.ജെ.പി പ്രവർത്തനവും വിട്ടു. എന്നാൽ, അനുഭാവ നിലപാട് തുടർന്നു. ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മയും ചേർന്ന് ഭിന്നശേഷിക്കാർക്കായി ‘സമർപ്പൺ’ എന്ന സ്ഥാപനം നടത്തിവരുന്നുണ്ട്. വിദ്യാർഥികാലം മുതൽ എഴുതിയ നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിേൻറതായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.