വലിയ പാർട്ടികൾക്ക് ഞങ്ങളോട് തൊട്ടുകൂടായ്മയായിരുന്നു- അസദുദ്ദീൻ ഉവൈസി
text_fieldsപട്ന: 2019ൽ കിഷൻഖഞ്ച് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ അട്ടിമറി വിജയം നേടിക്കൊണ്ടാണ് ഹൈദരാബാദ് എം.പി അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) ബിഹാർ രാഷ്ട്രീയ ഗോദയിൽ തങ്ങളുടെ വരവറിയിച്ചത്.
ഒരുവർഷത്തിനിപ്പുറം നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആർ.ജെ.ഡി സഖ്യത്തിെൻറ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തി എ.ഐ.എം.ഐ.എം സീമാഞ്ചൽ മേഖലയിൽ അഞ്ച് സീറ്റുകളിൽ നേടിയ വിജയം മഹാസഖ്യത്തെ ഭരണത്തിൽ നിന്ന് അകറ്റിയെന്ന വികാരമുണ്ട്. എന്നാൽ ഇപ്പോൾ വലിയ പാർട്ടികൾ തങ്ങളെ തൊട്ടുകൂടാത്തവരായി കണക്കാക്കിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഉവൈസി.
'രാഷ്ട്രീയത്തിൽ നമ്മൾ തെറ്റുകളിൽ നിന്നാണ് പാഠങ്ങൾ പഠിക്കുക. ഞങ്ങളുടെ ബിഹാർ അധ്യക്ഷൻ ഓരോ പാർട്ടി നേതാക്കളെയും വ്യക്തിപരമായി കണ്ട് ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഞങ്ങളെ തൊട്ടുകൂടാത്തവരായാണവർ കണക്കാക്കിയത്. പ്രധാനപ്പെട്ട മുസ്ലിം നേതാക്കളെയടക്കം ഞങ്ങൾ കണ്ടിരുന്നു. എന്നാൽ ഒന്നും നടന്നില്ല' -ഉവൈസി പറഞ്ഞു.
'പാർട്ടിക്ക് വളരെ നല്ല ദിവസമായിരുന്നു. വോട്ട് ചെയ്ത് ബിഹാറിലെ ജനങ്ങൾ ഞങ്ങളെ അനുഗ്രഹിച്ചു. അവർക്ക് എങ്ങനെ നന്ദി അറിയിക്കണമെന്ന് അറിയില്ല' -ഉവൈസി പറഞ്ഞു.
'പ്രളയബാധിത മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ഞങ്ങളുടെ ശ്രമം. മഹാമാരി വകവെക്കാതെ വോട്ട് രേഖപ്പെടുത്താൻ എത്തിയ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നു. കൂടുതൽ സീറ്റുകളിൽ ജയിക്കാൻ ഞങ്ങൾക്കായില്ല. കാര്യങ്ങൾ വിശദമായി പരിശോധിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു. വോട്ട് വിഴുങ്ങികൾ എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഈ വിജയം' -ഉവൈസി കൂട്ടിച്ചേർത്തു.
എ.ഐ.എം.ഐ.എം നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മഹാസഖ്യത്തിെൻറ വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ പാർട്ടി, ബി.ജെ.പിയുടെ സഖ്യകക്ഷിയെപ്പോലെയാണെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തിയിരുന്നു. കാര്യങ്ങളെ വലിയ അളവിൽ തങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലാക്കി മാറ്റാൻ ഉവൈസിയുെട പാർട്ടിയെ ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം ആേരാപിച്ചിരുന്നു. വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ നീക്കങ്ങളെക്കുറിച്ച് എല്ലാ മതേതരപാർട്ടികളും കരുതിയിരിക്കണമെന്നും ചൗധരി പറഞ്ഞു.
'കോൺഗ്രസ് അവരുടെ നിരാശ മറച്ചുവെക്കാൻ ശ്രമിക്കുകയാണ്. അവർ പരാജയപ്പെട്ടാൽ ഉവൈസിയെ കുറ്റപ്പെടുത്തും. ബിഹാറിലെ പ്രവർത്തനങ്ങൾ ഞങ്ങൾ അഞ്ച് വർഷം മുമ്പ് തുടങ്ങിയതാണ്. സീമാഞ്ചലിെൻറ വികസനത്തിനായാണ് ഞങ്ങളുടെ പ്രവർത്തനം' -കോൺഗ്രസിെൻറ വിമർശനങ്ങൾക്കുള്ള ഉവൈസി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.