അജിത് പവാറിന് ആശ്വാസം; ബെനാമി കേസിൽ കണ്ടുകെട്ടിയ 1000 കോടിയുടെ സ്വത്ത് വിട്ടുനൽകി ആദായനികുതി വകുപ്പ്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും ഉപമുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ എൻ.സി.പി നേതാവ് അജിത് പവാറിന് ആശ്വാസം നൽകുന്ന നടപടിയുമായി ആദായനികുതി വകുപ്പ്. ബെനാമി കേസുമായി ബന്ധപ്പെട്ട് 2021ൽ കണ്ടുകെട്ടിയ 1000 കോടിയുടെ സ്വത്തുക്കൾ വിട്ടുനൽകും. അജിത് പവാറിന്റെ കുടുംബം ബെനാമി സ്വത്ത് കൈവശം വെക്കുന്നതായുള്ള വാദം അപ്പലേറ്റ് ട്രൈബ്യൂണൽ തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ബെനാമി കേസുമായി ബന്ധപ്പെട്ട് 2021 ഒക്ടോബറിലാണ് അജിത് പവാറിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള വിവിധ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പിന്നാലെ സത്താറയിലെ പഞ്ചസാര ഫാക്ടറി, ഡൽഹിയിലെ ഫ്ളാറ്റ്, ഗോവയിലെ റിസോർട്ട് എന്നിവ കണ്ടുകെട്ടിയിരുന്നു. ഇവയിലൊന്നു പോലും അജിത് പവാറിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നില്ല.
തെളിവുകളില്ലെന്ന് കാണിച്ചാണ് ട്രൈബ്യൂണൽ അജിത് പവാറിനെ കുറ്റ വിമുക്തനാക്കിയത്. ബെനാമി സ്വത്തുക്കളാണെന്ന് കണ്ടെത്താനായില്ലെന്നും നേരായ വഴിയിലാണ് ധനസമാഹരണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. അതേസമയം കേസ് ചാർജ് ചെയ്യുമ്പോൾ അജിത് പവാർ മഹാവികാസ് അഘാഡി പക്ഷത്തായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഇതിനു മാസങ്ങൾക്ക് ശേഷമാണ് പാർട്ടി പിളർത്തി ബി.ജെ.പിക്കും ഷിൻഡെയുടെ സേനക്കുമൊപ്പം ചേർന്ന് മഹായുതിയുടെ ഭാഗമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.