മീഡിയവൺ വിലക്കിനെ ചൊല്ലി രാജ്യസഭയിൽ വൻ ബഹളം; വിഷയം ഉന്നയിച്ച് വേണുഗോപാൽ, പിന്തുണച്ച് ബിനോയ് വിശ്വം
text_fieldsന്യൂഡൽഹി: മീഡിയവൺ വിലക്കിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തുവന്നത് രാജ്യസഭയിൽ വൻ ബഹളത്തിനിടയാക്കി. വിഷയമുന്നയിച്ച എ.ഐസി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് പിന്തുണയുമായി പ്രതിപക്ഷത്തെ ഭൂരിഭാഗം അംഗങ്ങളും രംഗത്തുവന്നതോടെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹ മന്ത്രി എൽ. മുരുഗന്‍റെ മറുപടി ബഹളത്തിൽ മുങ്ങി. ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ ഈയിടെയായി ചില പ്രത്യേക ചാനലുകൾക്കെതിരെ നടപടി എടുത്തു കൊണ്ടിരിക്കുകയാണെന്ന് വിഷയം അവതരിപ്പിച്ച് വേണുഗോപാൽ പറഞ്ഞു.
ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് അങ്ങേയറ്റം ആശങ്കയുള്ളവരാണ് പ്രതിപക്ഷവും. എന്നാൽ ഇത്തരമൊരു ആക്ഷേപം പൊതു ജനങ്ങൾക്കുണ്ട്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യവും പത്ര സ്വാതന്ത്ര്യവും അടിച്ചമർത്താൻ രാജ്യസുരക്ഷ സർക്കാർ ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതേ സുരക്ഷാ പ്രശ്നം കാണിച്ചാണ് സംപ്രേഷണം നിർത്തിവെക്കാൻ മീഡിയവൺ ചാനലിന് നിർദേശം നൽകിയിരിക്കുന്നത്. മീഡിയവൺ എന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ടെങ്കിൽ അത് തങ്ങൾക്ക് അറിയണമെന്നും മീഡിയവൺ ചെയ്ത കുറ്റമെന്താണെന്ന് സർക്കാർ സഭയിൽ പറയണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
വേണുഗോപാലിന്‍റെ ആവശ്യത്തെ താൻ പിന്തുണക്കുകയാണെന്ന് പറഞ്ഞ് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പിയും എഴുന്നേറ്റു. മറുപടിയുമായി എഴുന്നേറ്റ മന്ത്രി മുരുഗൻ കേന്ദ്ര സർക്കാറിന് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധയുണ്ടെന്നും രാജ്യം 1975ൽ അല്ലെന്നും അടിയന്തിരാവസ്ഥ ഇല്ലെന്നും പറഞ്ഞപ്പോഴേക്കും വേണുഗോപാൽ ഇടപെട്ടു. പ്രതിപക്ഷനിര ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റ് വേണുഗേപാലിനൊപ്പം മന്ത്രിയുടെ മറുപടി ചോദ്യം ചെയ്തു. പ്രതിപക്ഷ ബഹളത്തിൽ മറുപടി മുങ്ങിയതോടെ താൻ മറുപടി പറയുകയാണെന്നും തന്നെ കേൾക്കമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വേണുഗോപാലിന് മുറപടി നൽകാൻ അനുവദിക്കണമെന്നും പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ മന്ത്രി വിളിച്ചുപറഞ്ഞു. പ്രതിപക്ഷത്തോട് ശാന്തരാകാൻ ഉപാധ്യക്ഷൻ ഹരിവൻഷ് നാരായൺ ആവശ്യപ്പെട്ടുവെങ്കിലും അവർ അടങ്ങിയില്ല. മീഡിയവണിനെ കുറിച്ചുള്ള ചോദിച്ച ചോദ്യത്തിന് മറുപടി നൽകാൻ മന്ത്രിക്ക് നിർദേശം നൽകണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.
തുടർന്ന് മീഡിയവണിന്‍റെ കാര്യത്തിൽ തങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്ന് മന്ത്രി അവകാശപ്പെട്ടു. ഏത് ചാനലിനും അനുമതി നൽകിയിരിക്കുന്നത് സുരക്ഷാ ക്ലിയറൻസ് അടിസ്ഥാനമാക്കിയാണെന്നും ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഓരോ ചാനലിനും അത് കിട്ടേണ്ടതുണ്ടെന്നും മന്ത്രി തുടർന്നു. മീഡിയവണിന് സുരക്ഷാ ക്ലിയറൻസ് കിട്ടിയാൽ പ്രവർത്തിക്കാമെന്നും വിഷയം കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞുവെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല.
മന്ത്രിയുടെ മറുപടി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് വേണുഗോപാലും മറ്റു പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധം തുടരുകയും ബി.ജെ.പി അംഗങ്ങൾ മന്ത്രിക്ക് പിന്തുണ നൽകുകയും ചെയ്തതോടെ സഭ പൂർണമായും ബഹളത്തിൽ മുങ്ങി. രാജ്യത്തിനും അതിന്‍റെ അഖണ്ഡതക്കും രാജ്യസുരക്ഷക്കും എതിരായ ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ രണ്ട് മാസത്തനിനിടയിൽ കേന്ദ്ര സർക്കാർ 60 ചാനലുകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും ഇതിനിടയിൽ മന്ത്രി പറഞ്ഞു. രാജ്യസുരക്ഷക്ക് വിലക്കിയതിൽ യൂടുബ് ചാനലുകളും ഫേസ്ബുക്ക് അക്കൗണ്ടുകളും പാകിസ്ഥാൻ ചാനലുകളും ഉൾപ്പെടെയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.