കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിഗ് ബോസ് താരം അബ്ദു റോസിക് ഇ.ഡിക്ക് മുന്നിൽ ഹാജരായി
text_fieldsമുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിഗ് ബോസ് 16 ഫെയിം അബ്ദു റോസിക് ഇ.ഡിക്ക് മുന്നിൽ ഹാജരായി. മയക്കുമരുന്ന് ഡീലർ അലി അസ്ഗർ ഷിറാസിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡി അബ്ദു റോസിക്കിന്‍റെ മൊഴി രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അദ്ദേഹം ഇ.ഡിക്ക് മുന്നിൽ ഹാജരായത്. കേസിൽ സാക്ഷിയായി അബ്ദുവിന്‍റെ മൊഴി രേഖപ്പെടുത്തുന്നത്.
പ്രശസ്തമായ ബർഗർ ബ്രാൻഡായ 'ബർഗിയർ' ഫാസ്റ്റ് ഫുഡിന്‍റെ കോർപ്പറേറ്റ് അംബാസഡറായിരുന്നു അബ്ദു. ഹസ്‌ലേഴ്‌സ് ഹോസ്പിറ്റാലിറ്റിയുടെ കീഴിൽ ബ്രാൻഡ് പ്രൊമോട്ട് ചെയ്യുക മാത്രമല്ല, വലിയ റോയൽറ്റി അദ്ദേഹം സ്വീകരിക്കുകയും ചെയ്തിരുന്നു. അലി അസ്ഗർ ഷിറാസി 'ബർഗിർ' ബർഗർ ബ്രാൻഡിൽ ഹസ്‌ലേഴ്‌സ് ഹോസ്പിറ്റാലിറ്റി വഴി ഗണ്യമായ നിക്ഷേപം നടത്തിയതായി ഇ.ഡി ആരോപിക്കുന്നു.
കരാറിനെക്കുറിച്ചും അംഗീകാരത്തിനായി ലഭിച്ച പണത്തെക്കുറിച്ചും ഷിറാസിയുമായുള്ള ബന്ധത്തെക്കുറിച്ചും ഇ.ഡി ചോദിക്കുമെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. ഷിറാസിയുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞതിന് ശേഷം അബ്ദു ഹസ്‌ലേഴ്‌സുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു.
അടുത്തിടെ, ഇ.ഡി ബർഗിർ റെസ്റ്റോറന്‍റിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകളും ഇടപാടുകളുമായി ബന്ധപ്പെട്ട ഡയറിയും പിടിച്ചെടുത്തു. സംഭവത്തെ കുറിച്ച് അബ്ദു ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഏതാനും ദിവസം മുമ്പ് ഇതേ കേസിൽ ഇ.ഡി ശിവ് താക്കറെയെ വിളിച്ചുവരുത്തി സാക്ഷിയാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. നാർക്കോ ഫണ്ടിങ് കേസിലെ പങ്കാളിത്തത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് അദ്ദേഹവും ഷിറാസിയുമായുള്ള കരാർ അവസാനിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
ഇ.ഡിയുടെ ഫോറൻസിക് ഓഡിറ്റ് പ്രകാരം ഹസ്‌ലേഴ്‌സ് ഹോസ്പിറ്റാലിറ്റി ഡയറക്ടർ ക്രുനാൽ ഓജ മയക്കുമരുന്ന് ഡീലർ അലി അസ്ഗർ ഷിറാസിയുടെ കമ്പനിയായ ഫാലിഷ വെഞ്ചറിൽ നിന്ന് നിക്ഷേപമായി 46 ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫർ വഴി സ്വീകരിച്ചു. കൂടാതെ ഷിറാസിയിൽ നിന്ന് വൻതുക കൈപ്പറ്റുകയും ചെയ്തു.
എന്നിരുന്നാലും അദ്ദേഹം അബ്ദു റോസിക്ക് എത്ര പണം നൽകി എന്നതിന് രേഖയില്ല. ബിഗ് ബോസ് ഫെയിം അബ്ദു റോസിക്കിന് ഗണ്യമായ തുക പണമായി നൽകിയതായി വൃത്തങ്ങൾ പറയുന്നു. കൂടാതെ, നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ചേർന്ന ബർഗിർ റെസ്റ്റോറന്‍റിന്‍റെ മഹത്തായ ഉദ്ഘാടനത്തിനായി നാർക്കോ ഫണ്ടിങിന്‍റെ ഗണ്യമായ തുക ചെലവഴിച്ചതായും വിവരങ്ങൾ ഉണ്ട്.
നാർക്കോ ഫണ്ടിങ് വഴി ഷിറാസി ഹസ്‌ലേഴ്‌സ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്‍റെ അഡീഷണൽ ഡയറക്ടറായി മാറിയെന്ന് തെളിഞ്ഞിട്ടുണ്ട്. അലി അസ്ഗർ ഷിറാസിയിൽ നിന്ന് കണക്കിൽപ്പെടാത്ത ഗണ്യമായ തുക ഓജക്ക് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.