ബി.ജെ.പിയെ പിഴുതെറിഞ്ഞില്ലെങ്കിൽ ഭരണഘടനയെ രക്ഷിക്കാനാകില്ല -യെച്ചൂരി
text_fieldsഅഗർത്തല: കാവി ക്യാമ്പ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ മതേതര ശക്തികളുടെ ഒരു വലിയ വേദി രൂപീകരിക്കേണ്ടത് ആവശ്യമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാ ചൈതന്യം ഇല്ലാതാക്കി രാജ്യത്ത് ഫാസിസ്റ്റ് ഹിന്ദുത്വത്തിന് ഊന്നൽ നൽകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാർട്ടി പരിപാടിയിൽ സംസാരിക്കവെ യെച്ചൂരി പറഞ്ഞു.
"ഇന്ത്യൻ ജനാധിപത്യത്തിന്റെ നാല് പ്രധാന സ്തംഭങ്ങളായ മതേതരത്വം, സാമ്പത്തിക പരമാധികാരം, സാമൂഹിക നീതി, ഫെഡറലിസം എന്നിവ അപകടത്തിലാണ്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പിഴുതെറിഞ്ഞില്ലെങ്കിൽ ഭരണഘടനയെ രക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
"സി.പി.എമ്മിന്റെയും മറ്റ് ഇടതുപാർട്ടികളുടെയും ശക്തി ഉറപ്പിക്കുന്നതിനു പുറമേ, രാജ്യം ഇപ്പോൾ നേരിടുന്ന വെല്ലുവിളികളെ നേരിടാൻ എല്ലാ മതേതര ശക്തികളെയും ഒരുമിച്ച് കൊണ്ടുവരേണ്ടതുണ്ട്. ഒരു ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രമായി മാറുന്നതിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ യോജിച്ച പോരാട്ടത്തിന് കഴിയും" -അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയായ മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആത്മാവിനെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
ബുൾഡോസർ രാഷ്ട്രീയം കൊണ്ടുവന്നത് ബി.ജെ.പിയാണ്. അവർ ഭരണഘടനയെ പിന്തുടരുന്നവരെ ജയിലിലേക്ക് അയക്കുകയാണെന്നും അത് ലംഘിക്കുന്നവരെ മാല അർപ്പിച്ച് സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "തെരഞ്ഞെടുപ്പുകൾ സ്വതന്ത്രമായും നീതിയുക്തമായും നടക്കുന്നില്ല. പരാജയത്തിന് ശേഷവും മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞു" -അദ്ദേഹം പറഞ്ഞു. ബിൽക്കിസ് ബാനു കേസിലെ ജീവപര്യന്തം തടവുകാരായ 11 പേരെ ഗുജറാത്തിലെ ബി.ജെ.പി സർക്കാരിന്റെ ശുപാർശയെ തുടർന്നാണ് വിട്ടയച്ചതെന്ന് യെച്ചൂരി പറഞ്ഞു. കേസ് കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.