ബിഹാറിൽ രണ്ടം ഘട്ട വോട്ടെടുപ്പ് തുടങ്ങി; 10 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പും
text_fieldsപട്ന: മൂന്നു ഘട്ടമായി നടക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിലെ ഏറ്റവും നിർണായകമായ രണ്ടാം ഘട്ടത്തിൽ വിധി എഴുത്ത് തുടങ്ങി. ബിഹാര് തിരഞ്ഞെടുപ്പ് കൂടാതെ പത്ത് സംസ്ഥാനങ്ങളിലായി 54 നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. 28 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. കോൺഗ്രസിനും ബി.ജെ.പിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യക്കും തെരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമാണ്.
ആകെ 243 സീറ്റിൽ 94 മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ്. ആർ.ജെ.ഡി നേതാവും മഹാസഖ്യത്തിെൻറ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ് ആണ് മത്സരരംഗത്തുള്ള പ്രധാനികളിൽ ഒരാൾ. രഘോപുർ ആണ് മണ്ഡലം. 2015ൽ ബി.ജെ.പിയിലെ സതീഷ് കുമാർ യാദവിനെ പരാജയപ്പെടുത്തി തേജസ്വി വിജയിച്ച മണ്ഡലത്തിലാണ് രണ്ടാം തവണയും ജനവിധി തേടുന്നത്. ഇത്തവണയും സതീഷാണ് എതിരാളി.
തേജസ്വിയുടെ മൂത്ത സഹോദരൻ തേജ് പ്രതാപ് യാദവ് മാഹുവ മണ്ഡലത്തിൽനിന്ന് മാറി സമസ്തിപുർ ജില്ലയിലെ ഹസൻപുരിൽ മത്സര രംഗത്തുണ്ട്. പ്ലൂരൽസ് പാർട്ടി നേതാവ് പുഷ്പം പ്രിയ ചൗധരി, ശത്രുഘൻ സിൻഹയുടെ മകൻ കോൺഗ്രസിലെ ലവ് സിൻഹ എന്നിവർ ജനവിധി തേടുന്ന ബങ്കിപ്പുർ, സംസ്ഥാന മന്ത്രി നന്ദ് കിഷോർ യാദവ് തുടർച്ചയായി ഏഴാംവട്ടം വിജയസാധ്യത തേടുന്ന പട്ന സാഹിബ് എന്നിവ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ്. മൂന്നാം വട്ടം ബി.ജെ.പി എം.എൽ.എയായി തുടരുന്ന നിതിൻ നബീനെയാണ് ബങ്കിപ്പുരിൽ ലവ് സിൻഹയും പുഷ്പം പ്രിയ ചൗധരിയും നേരിടുന്നത്.
15 വർഷം കിട്ടിയിട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ നിങ്ങൾക്കു വേണ്ടി ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ തന്നെ ജയിപ്പിക്കണമെന്ന് തിങ്കളാഴ്ച രാവിലെ തേജസ്വി യാദവ് തെരഞ്ഞെടുപ്പ് റാലിയിൽ ആവശ്യപ്പെട്ടു. തേജസ്വിയും ചിരാഗ് പാസ്വാനും വെറും പാരമ്പര്യംകൊണ്ട് രാഷ്്ട്രീയത്തിൽ വന്നവരാണെന്നും അവർക്ക് താൻ ബിഹാറിനു വേണ്ടി ചെയ്തത് എന്താണെന്ന് അറിയുക പോലുമില്ലെന്നും നിതീഷ് ട്വിറ്ററിൽ ആരോപിച്ചു. നിതീഷിെൻറ യാത്രയയപ്പ് ഉറപ്പായിക്കഴിഞ്ഞുവെന്നായിരുന്നു ഇതിന് തേജസ്വിയുടെ മറുപടി.
സംസ്ഥാനത്ത് ഇരട്ട എൻജിൻ സർക്കാറാണെന്നും മറുവശത്ത് സ്വന്തം സിംഹാസനം കാത്തുസൂക്ഷിക്കാൻ പെടാപ്പാടു പെടുന്ന രണ്ട് 'യുവരാജാക്കന്മാർ' ആണെന്നുമായിരുന്നു ഞായറാഴ്ച പ്രധാനമന്ത്രി മോദിയുടെ പരിഹാസം. തേജസ്വിയെയും രാഹുൽ ഗാന്ധിയേയും പേരെടുത്ത് പറയാതെയായിരുന്നു വിമർശം. മോദിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പി. ചിദംബരവും തിങ്കളാഴ്ച റാലികളിൽ പങ്കെടുത്തു.
തൊഴിൽ, വ്യവസായം, താങ്ങുവില, വിള ഇൻഷുറൻസ് തുടങ്ങി ഒന്നിനെപ്പറ്റിയും ബി.ജെ.പിയോ എൻ.ഡി.എയോ നിങ്ങളോട് സംസാരിക്കുന്നില്ലെന്നും എന്താണ് അവരുടെ ഭരണനേട്ടമെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്നാണ് മറുപടിയെന്നും ചിദംബരം പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എൻ.ഡി.എക്കുവേണ്ടിയും പൊതുയോഗങ്ങളിൽ പ്രസംഗിച്ചു.
ഒക്ടോബർ 28ന് ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടന്ന ബിഹാറിൽ നവംബർ ഏഴിനാണ് മൂന്നാംഘട്ടം. ഫലം പത്തിനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.