ബി.ജെ.പിയെ വെട്ടിലാക്കി ബിഹാറിലെ ജാതി സെൻസസ്
text_fieldsന്യൂഡൽഹി: ബിഹാറിൽ ജാതി തിരിച്ച് സെൻസസ് നടത്താൻ തീരുമാനിച്ചത് മോദിസർക്കാറിനെയും ബി.ജെ.പിയെയും വെട്ടിലാക്കി. മോദിസർക്കാർ മുന്നോട്ടുവെച്ച വാദമുഖങ്ങളുടെ മുനയൊടിക്കുന്നതാണ് തീരുമാനം. സമൂഹത്തെ ജാതീയമായി വിഭജിക്കുമെന്ന കേന്ദ്ര നിലപാട് ബിഹാറിലെ ബി.ജെ.പി ഘടകം തള്ളി. വിവിധ സംസ്ഥാനങ്ങൾ ബിഹാറിന്റെ വഴിയേ നീങ്ങിയേക്കും. ദേശീയതലത്തിൽ ജാതി സെൻസസിന് സമ്മർദം ഉയരും.
സർക്കാർ ക്ഷേമപദ്ധതികളുടെ പ്രയോജനം അർഹരായവരിലേക്ക് ജനസംഖ്യാനുപാതികമായി എത്തിക്കാൻ ജാതി സെൻസസ് നടത്തുക തന്നെ വേണമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം നടന്ന സർവകക്ഷി യോഗം തീരുമാനിച്ചത്. ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ജനതാദൾ-യുവിന്റെ നേതാവാണ് നിതീഷ്. പ്രധാന പ്രതിപക്ഷമായ ആർ.ജെ.ഡി അടക്കം വിവിധ പാർട്ടികൾ ജാതി സെൻസസിനുവേണ്ടി വാദിച്ചു. ഇതോടെ സംസ്ഥാനത്തെ ബി.ജെ.പിക്കും അതുതന്നെ നിലപാട്. സർവകക്ഷി യോഗത്തിനു പിന്നാലെ ജാതി സെൻസസിന് സംസ്ഥാന മന്ത്രിസഭ യോഗം വ്യാഴാഴ്ച തീരുമാനിച്ചു. ഇതിനായി 500 കോടി രൂപ വകയിരുത്തി. അടുത്ത വർഷം ഫെബ്രുവരിയിൽ സർവേ പൂർത്തിയാക്കും. സെൻസസ് പ്രവർത്തനങ്ങൾ തുടങ്ങാനുള്ള വിജ്ഞാപനം വൈകാതെ ഇറക്കുമെന്നും ബിഹാർ ചീഫ് സെക്രട്ടറി ആമിർ സുഭാനി അറിയിച്ചു.
സുപ്രീംകോടതിയിലും ജാതി സെൻസസിനെതിരായ നിലപാടാണ് മോദിസർക്കാർ അറിയിച്ചത്. എന്നാൽ, ബിഹാറിൽ ബി.ജെ.പിയും സഖ്യകക്ഷികളും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിന്നത്, ദേശീയതലത്തിൽ സ്വന്തം നിലപാട് വ്യാഖ്യാനിക്കാൻ ബി.ജെ.പിക്ക് പ്രയാസമുണ്ടാക്കും. ദേശീയതലത്തിൽ ഇല്ല, സംസ്ഥാനങ്ങളിലെ കാര്യം അതതു സർക്കാറുകൾക്ക് തീരുമാനിക്കാമെന്നാണ് ബി.ജെ.പി പറഞ്ഞു വെച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിൽ വിഭാഗീയത വളർത്തില്ല, മറിച്ചാണ് ദേശീയതലത്തിലെ സ്ഥിതി എന്നു വാദിക്കാനാവില്ല.
ഏറ്റവും നേരത്തേ ജാതി സെൻസസ് നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് ബിഹാറിൽ സർവകക്ഷി യോഗം തീരുമാനിച്ചത്. 1931നു ശേഷം ദേശീയതലത്തിൽ ജാതി സെൻസസ് നടന്നിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതു തുടരുന്നത് അർഹരായവർക്ക് യഥാർഥത്തിൽ അർഹമായ വിഹിതം കിട്ടാത്ത സ്ഥിതി ഉണ്ടാക്കും. ജാതി, ഉപജാതി, സമുദായം, മതം എന്നിവ വേർതിരിച്ച് സമയബന്ധിതമായി കണക്കെടുപ്പ് പൂർത്തിയാക്കും. ബിഹാറിന്റെ വഴിയേ മറ്റു സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും ജാതി സെൻസസ് നടക്കുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.