ബിഹാറിൽ ജാതി സംവരണം 65 ശതമാനമാക്കി ഉയർത്തി; ബിൽ പാസാക്കിയത് ഐകകണ്‌ഠ്യേന
text_fieldsന്യൂഡൽഹി: ബിഹാറിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണം 65 ശതമാനമായി വർധിപ്പിക്കുന്ന ബിൽ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. മുന്നാക്ക സംവരണം ഉൾപ്പെടെ സംസ്ഥാനത്തെ ആകെ സംവരണം ഇതോടെ 75 ശതമാനമാകും.
സംസ്ഥാനത്ത് പിന്നാക്കക്കാർക്ക് സർക്കാർ സർവിസിലും വിദ്യാഭ്യാസത്തിലും ജനസംഖ്യാനുപാതത്തിലുള്ള പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് അടുത്തിടെ നടന്ന ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിൽ വ്യക്തമായിരുന്നു. തുടർന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സംവരണത്തോത് വർധിപ്പിക്കാൻ നിർദ്ദേശിച്ചത്. ഒബിസി, ഇബിഎസ് ക്വാട്ട 30ൽ നിന്ന് 43 ശതമാനമായും പട്ടികജാതി വിഹിതം 16ൽ നിന്ന് 20 ശതമാനമായും പട്ടികവർഗ വിഹിതം ഒന്നിൽ നിന്ന് രണ്ട് ശതമാനമായുമാണ് വർധിപ്പിച്ചത്.
നിലവിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് (ഇ.ഡബ്ല്യു.എസ്) 10ശതമാനവും വിവിധ പിന്നാക്കക്കാർക്ക് 50 ശതമാനവുമാണ് സംവരണം. പുതിയ ബിൽ നടപ്പാക്കുന്നതോടെ പിന്നാക്ക സംവരണം മൊത്തം 65ശതമാനമാകും. ഇ.ഡബ്ല്യു.എസ് സംവരണം അതേപടി നിലനിൽക്കും.
‘സംവരണ ഭേദഗതി ബിൽ 2023’ ഏകകണ്ഠമായാണ് ബീഹാർ നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്ന് പാസാക്കിയത്. അതേസമയം, ബില്ലിൽ ഇ.ഡബ്ല്യു.എസ് സംവരണം വർധിപ്പിക്കാത്തതിൽ ബിജെപി ആശങ്ക പ്രകടിപ്പിച്ചു. ഗവർണർ ഒപ്പിട്ടാൽ ബിൽ നിയമമായി മാറും.
കേന്ദ്രസർക്കാർ ദേശീയതലത്തിൽ ജാതി സെൻസസ് നടത്തി പിന്നാക്ക സംവരണം വർധിപ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി നിതീഷ് കുമാർ ആവർത്തിച്ചു. സംസ്ഥാനത്തെ 94 ലക്ഷത്തിലേറെ കുടുംബങ്ങളുടെ പ്രതിമാസ വരുമാനം 6,000 രൂപയിൽ കുറവാണെന്ന് നിയമസഭയിൽ അവതരിപ്പിച്ച ജാതി സെൻസസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആകെയുള്ള 2.97 കോടി കുടുംബങ്ങളിൽ 34.13 ശതമാനത്തോളം പേരാണ് ഈ പരിധിയിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.