നിറം മാറ്റുന്ന നിതീഷ്
text_fieldsന്യൂഡൽഹി: ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന നേതാവ് നിതീഷ് കുമാറാണ്. ഞായറാഴ്ച ഒമ്പതാം തവണയാണ് മുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അതുപക്ഷേ, ജനസ്വീകാര്യതയുടെ തെളിവല്ല; വിശ്വാസ്യതയുടേതുമല്ല. ബിഹാറിലെ ഏറ്റവും വിശ്വാസ്യതയില്ലാത്ത നേതാവായി നിതീഷ് കുമാർ എന്ന 72കാരൻ മാറിപ്പോയി. ഒരു പതിറ്റാണ്ടിനിടയിൽ നിതീഷ് ചാടിക്കളിച്ചത് അഞ്ചു തവണയാണ്. രണ്ടു വർഷത്തിനിടയിൽ രണ്ടാം തവണയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഒന്നും നിലപാടുകൾക്ക് വേണ്ടിയല്ല, അധികാരത്തിനു വേണ്ടി.
ഓന്തിന്റെ നിറംമാറ്റം പോലെയാണ് നിതീഷിന്റെ വേഷപ്പകർച്ച. ജനതയായും സമതയായും ജനതാ ദളായുമൊക്കെ തരംപോലെ മാറിയ സോഷ്യലിസ്റ്റ്. ലാലുപ്രസാദിനും ജോർജ് ഫെർണാണ്ടസിനുമൊക്കെ ഒരിക്കൽ ശിഷ്യൻ മാത്രമായിരുന്ന നിതീഷ്, അവസരങ്ങൾക്കു വേണ്ടി ബിഹാറിന്റെ സോഷ്യലിസ്റ്റ് ഭൂമികയിൽ അവരെപ്പോലും വെട്ടിനിരത്താൻ മടിച്ചില്ലെന്നാണ് ചരിത്രം. സോഷ്യലിസ്റ്റ് ചിന്തകളിൽനിന്ന് കാവിരാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് മതനിരപേക്ഷ മഹാസഖ്യത്തിലേക്കും അവസരംപോലെ നിതീഷ് കളം മാറിച്ചവിട്ടി. അതിനൊടുവിൽ വീണ്ടും ബി.ജെ.പി പാളയത്തിലേക്ക്.
നാലാം തവണയാണ് നിതീഷ് എൻ.ഡി.എയിൽ ചേക്കേറുന്നത്. ഈ ചാട്ടക്കാരൻ, നിറം മാറുന്ന ഓന്തിനു വെല്ലുവിളിയാണ് എന്നാണ് കോൺഗ്രസ് വക്താവ് ജയ്റാം രമേശിന്റെ പരിഹാസം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് കടന്നുവരാവുന്ന വിധത്തിൽ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദിയെ ബി.ജെ.പി പ്രചാരണത്തിന്റെ തലവനാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി സഖ്യം അവസാനിപ്പിച്ചയാളാണ് നിതീഷ്. അതേ ആൾ, മോദി മൂന്നാമൂഴത്തിന് കച്ച മുറുക്കുമ്പോൾ ‘കീ ജയ്’വിളിച്ച് പിന്നാലെ കൂടുന്നതാണ് ഇപ്പോഴത്തെ കാഴ്ച.
അതാകട്ടെ, പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യയുടെ കൺവീനർ സ്ഥാനവും അതുവഴി പ്രധാനമന്ത്രി സ്ഥാനാർഥിപ്പട്ടവും കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ്. പ്രതിപക്ഷ ഐക്യത്തിന് ഇറങ്ങിപ്പുറപ്പെടുകയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരെ ചെന്നുകണ്ട് സഖ്യനീക്കങ്ങൾക്ക് വേഗം പകരാൻ കരുനീക്കം നടത്തുകയും ചെയ്തയാൾ ഇപ്പോൾ കരണംമറിഞ്ഞ് ബി.ജെ.പി പാളയത്തിൽ.
ഇൻഡ്യയുടെ നേതൃയോഗങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്ന നിതീഷ്, ഡിസംബർ 19ന് നടന്ന ഓൺലൈൻ നേതൃയോഗത്തിലും പങ്കെടുത്തു. ബി.ജെ.പിയെ വെട്ടിലാക്കുന്ന ജാതി സെൻസസ് മുദ്രാവാക്യത്തിനും അതിനൊത്ത ബിഹാർ സർക്കാറിന്റെ തീരുമാനങ്ങൾക്കും നിതീഷ് ടച്ച് ഉണ്ടായിരുന്നു. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ, തന്നെ മുന്നിൽനിർത്താൻ ഇൻഡ്യ കക്ഷികൾക്ക് താൽപര്യമില്ലെന്നുവന്നതോടെ നിതീഷ് അടുത്ത ചാട്ടം ഉറപ്പിച്ചു.
ജനതാദൾ-യുവിന്റെ അധ്യക്ഷസ്ഥാനം വീണ്ടും ഏറ്റെടുത്തത് യഥാർഥത്തിൽ ഈ നീക്കം പിഴക്കാതിരിക്കാൻ കൂടിയായിരുന്നു. 19ലെ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഇൻഡ്യ ചെയർമാനാക്കി. കൺവീനർ സ്ഥാനത്തിന് നിതീഷിന്റെ പേരു നിർദേശിച്ചെങ്കിലും മമത ബാനർജി അടക്കമുള്ള നേതാക്കൾക്ക് വ്യത്യസ്താഭിപ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമവായത്തിനുശേഷം വേണം പ്രഖ്യാപനമെന്ന നിർദേശം രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചു. ഇതോടെ പുതിയ ചാട്ടത്തിന് അന്തിമ തീരുമാനമായി. മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്തത്, രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിൽ പ്രവേശിക്കുന്നതിന്റെ തൊട്ടു തലേന്നാണ്.
അയോധ്യ അടക്കമുള്ള സാഹചര്യങ്ങൾക്കിടയിൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പും ബി.ജെ.പിക്കുള്ളതാണെന്ന് നിതീഷ് കണക്കുകൂട്ടുന്നു. ഇത്തരത്തിൽ നിതീഷിന്റെ അവസരവാദവും രാഷ്ട്രീയ പാപ്പരത്തവും പാരമ്യത്തിലെത്തി നിൽക്കേ, പ്രധാന ചോദ്യം ബാക്കി: വിശ്വാസ്യതയില്ലാത്ത നേതാവിന്റെ രാഷ്ട്രീയഭാവിക്ക് ബി.ജെ.പി എത്രനാളത്തെ ആയുസ്സ് കൽപിച്ചുനൽകിയിട്ടുണ്ട്? ഇനിയൊരു പാർട്ടിയും ഒപ്പംകൂട്ടാൻ ഇഷ്ടപ്പെടാത്ത നേതാവായി മാറുകയാണ് നിതീഷ് കുമാർ.
ബിഹാറിൽ ഒരിക്കലും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടുകയോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയോ ചെയ്യാതെതന്നെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷിന് ആ കസേരയിൽ ഇനിയൊരു ഊഴം കിട്ടിയെന്നുവരില്ല. 2025ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നിതീഷ് ഒതുക്കപ്പെടുകയും ബി.ജെ.പി സ്വന്തം മുഖ്യമന്ത്രി സ്ഥാനാർഥിയെ മുന്നോട്ടുവെക്കുകയും ചെയ്യാൻ സാധ്യതയേറെ. വിശ്വാസ്യത നഷ്ടപ്പെട്ടു പോയ നിതീഷ് കുമാർ എന്ന ഇലക്ട്രിക്കൽ എൻജിനീയറുടെ രാഷ്ട്രീയ എൻജിനീയറിങ് അന്ന് ഫലിച്ചെന്നുവരില്ല.
നിതീഷിന്റെ നിറങ്ങൾ
1998 ജോർജ് ഫെർണാണ്ടസുമായി ചേർന്ന് രൂപവത്കരിച്ച സമതാ പാർട്ടിയിൽനിന്ന് 1998ൽ ബി.ജെ.പിയിലേക്ക് ചേക്കേറിയതാണ് ആദ്യ ചാട്ടം. ശേഷം വാജ്പേയി മന്ത്രിസഭയിൽ റെയിൽവേ, കൃഷി മന്ത്രിയായി. ട്രെയിനപകടത്തിന്റെ ഉത്തരവാദിത്തമേറ്റ് 1999 ആഗസ്റ്റിൽ റെയിൽവേ മന്ത്രിസ്ഥാനം രാജിവെച്ചു. 2001, 2004ൽ വീണ്ടും റെയിൽവേ മന്ത്രി.
2000 ലാലു പ്രസാദ് യാദവിന്റെ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി പിന്തുണയോടെ 2000 മാർച്ച് മൂന്നിന് ബിഹാർ മുഖ്യമന്ത്രി. എന്നാലിതിന് ഏഴ് ദിവസം മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. എൻ.ഡി.എക്ക് 151ഉം ലാലുവിനൊപ്പം 159 എം.എൽ.എമാരുമാണുണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 163 ആർക്കും കിട്ടിയില്ല. ഭൂരിപക്ഷം തെളിയിക്കുന്നതിന് മുമ്പ് രാജിവെക്കേണ്ടിവന്നു. 2003ൽ ശരദ് യാദവുമായി ചേർന്ന് ജനതാദൾ (യുനൈറ്റഡ്) രൂപവത്കരിച്ചു.
2005 നവംബർ 24ന് മുഖ്യമന്ത്രിയായി രണ്ടാം തവണ. അഞ്ച് വർഷം അധികാരത്തിൽ തുടർന്നു. 2010 ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചു. എന്നാൽ, 2013 ജൂണിൽ, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പ്രചാരണത്തലവനാക്കിയതിൽ പ്രതിഷേധിച്ച് സഖ്യം അവസാനിപ്പിച്ചു.
2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ജനതാദൾ യു ഒറ്റക്ക് മത്സരിച്ചെങ്കിലും 40 സീറ്റുകളിൽ രണ്ടിടത്ത് മാത്രമേ ജയിക്കാനായുള്ളൂ. തുടർന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. നിതീഷിന്റെ ശിപാർശ പ്രകാരം ജിതൻ റാം മാഞ്ചിയെ ഹ്രസ്വകാലത്തേക്ക് മുഖ്യമന്ത്രിയായി നിയമിച്ചു.
2015 ആർ.ജെ.ഡി, കോൺഗ്രസ്, ജെ.ഡി.യു സഖ്യത്തിൽ ‘മഹാഗഡ്ബന്ദൻ’ സഖ്യം രൂപവത്കരിച്ച് 2015ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് അഞ്ചാം തവണയും മുഖ്യമന്ത്രി. മഹാസഖ്യം 178 സീറ്റുകൾ നേടിയാണ് സർക്കാർ രൂപവത്കരിച്ചത്.ആർ.ജെ.ഡിക്ക് 80ഉം ജെ.ഡി.യുവിന് 71ഉം വീതം സീറ്റ് കിട്ടി. തേജസ്വി യാദവായിരുന്നു ഉപമുഖ്യമന്ത്രി.
2020 ബി.ജെ.പിയുടെ പിന്തുണയോടെ 122 സീറ്റുകൾ നേടി വീണ്ടും മുഖ്യമന്ത്രി. ജെ.ഡി.യു എം.എൽ.എമാരെ തനിക്കെതിരെ കലാപമുണ്ടാക്കാൻ ബി.ജെ.പി പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സഖ്യം പിരിഞ്ഞു.2022 ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാസഖ്യത്തിന്റെ പിൻബലത്തിൽ എട്ടാംതവണ മുഖ്യമന്ത്രിപദത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.