ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിലെ വിള്ളൽ; എം.എൽ.എമാരുടെയും എം.പിമാരുടെയും യോഗം വിളിച്ച് നിതീഷ് കുമാർ
text_fieldsപട്ന: ബി.ജെ.പി-ജെ.ഡി.യു സഖ്യം പിളർപ്പിലേക്ക് നീങ്ങുന്നെന്ന അഭ്യൂഹങ്ങൾക്കിടെ ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) എം.എൽ.എമാരുടെയും എം.പിമാരുടെയും യോഗം വിളിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എല്ലാ എം.പിമാരോടും എം.എൽ.എമാരോടും യോഗത്തിന് പട്നയിലെത്താൻ നിതീഷ് കുമാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന നിതി ആയോഗിന്‍റെ യോഗത്തിൽനിന്ന് നിതീഷ് വിട്ടുനിന്നിരുന്നു. ഇതോടെയാണ് ബി.ജെ.പി-ജെ.ഡി.യു സഖ്യം പിരിയുന്നെന്ന അഭ്യൂഹം ശക്തമായത്.
ജൂലൈ 17ന് ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലും നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വിരുന്നിൽ നിന്നും രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ സത്യപ്രതിഞ്ജ ചടങ്ങിൽ നിന്നും നിതീഷ് കുമാർ വിട്ടുനിന്നിരുന്നു. ആർ.ജെ.ഡി, കോൺഗ്രസ് എന്നിവരുമായി ജെ.ഡി.യു സഖ്യമുണ്ടാക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
വീണ്ടും കേന്ദ്രമന്ത്രിസഭയിലേക്കില്ലെന്ന് ജെ.ഡി.യു ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജൻ സിങ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്ന ആർ.സി.പി സിങ് രാജ്യസഭ കാലാവധി അവസാനിച്ചതിനെ തുടർന്ന് രാജിവെച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പുതിയ മന്ത്രിസഭയിൽ പങ്കാളിയാകേണ്ടെന്ന് 2019ൽ പാർട്ടി ആലോചിച്ചിരുന്നു. അന്നെടുത്ത തീരുമാനമാണ് ഇപ്പോൾ നടപ്പാക്കുന്നത്. എന്നാൽ ജെ.ഡി.യുവും ബി.ജെ.പിയും തമ്മിൽ പ്രശ്നങ്ങളില്ലെന്നും എല്ലാം നല്ലനിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.