നിതീഷ് കുമാറിന് ഉപരാഷ്ട്രപതിയാകാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് സുശീൽ മോഡി; എന്തൊരു തമാശയെന്ന് നിതീഷ് കുമാർ
text_fieldsപാട്ന: ബി.ജെ.പി നേതാവ് സുശീൽ മോഡിക്കെതിരെ ആഞ്ഞടിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഉപരാഷ്ട്രപതിയാകാൻ ജനതാദൽ യുനൈറ്റഡ് നേതാവായ നിതീഷ് കുമാർ ആഗ്രഹിച്ചിരുന്നു എന്നായിരുന്നു സുശീൽ മോഡിയുടെ അഭിപ്രായം. സുശീൽ മോഡിയുടേത് തമാശയാണെന്നായിരുന്നു നിതീഷ് കുമാറിന്റെ മറുപടി. '' നിങ്ങൾ കേട്ടിട്ടുണ്ടാവും എനിക്ക് ഉപരാഷ്ട്രപതി ആകാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഒരാൾ പറഞ്ഞത്. എന്തൊരു തമാശയാണിത്. തീർച്ചയായും ഇത് കെട്ടിച്ചമച്ചതാണ്. എനിക്ക് അങ്ങനെയുള്ള യാതൊരു ആഗ്രഹവുമില്ല.
രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ പാർട്ടി അവർക്ക് എത്രത്തോളം പിന്തുണ നൽകിയിരുന്നു എന്നത് അവർ തരംപോലെ മറന്നിരിക്കയാണ്. അവർക്ക് വീണ്ടും ആ സ്ഥാനമാനങ്ങൾ ലഭിച്ചതിനെ തുടർന്നാണ് എനിക്കെതിരെ ഇത്തരത്തിൽ സംസാരിക്കുന്നത്-നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്ച ബി.ജെ.പി വിട്ട് നിതീഷ്കുമാർ ആർ.ജെ.ഡിയുമായി ചേർന്ന് വിശാല സഖ്യം രൂപീകരിച്ച് ബിഹാറിൽ പുതിയ മന്ത്രിസഭയുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സുശീൽ നിതീഷ് കുമാർ ഉപരാഷ്ട്രപതിയാകാൻ ആഗ്രഹിച്ചിരുന്നുവെന്നും ജെ.ഡി.യു വിലെ മുതിർന്ന നേതാക്കൾ ഇത് സാധിക്കുമോ എന്ന് ബി.ജെ.പി മന്ത്രിമാരോട് അഭിപ്രായം തേടിയിരുന്നു'എന്നായിരുന്നു സുശീൽ മോഡിയുടെ ട്വീറ്റ്. ദേശീയ രാഷ്ട്രീയത്തിലുള്ള നിതീഷ് കുമാറിന്റെ താൽപര്യങ്ങളാണ് ബി.ജെ.പി വിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും വാദങ്ങളുയർന്നിരുന്നു.
പശ്ചിമ ബംഗാൾ മുൻ ഗവർണർ ജഗ്ദീപ് ധൻഖർ ആയിരുന്നു എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായ മാർഗരറ്റ് ആൽവയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.