സ്ത്രീധനരഹിത വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കൂ; പ്രഖ്യാപനവുമായി ബിഹാർ മുഖ്യമന്ത്രി
text_fieldsപാറ്റ്ന: സ്ത്രീധനരഹിത വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്ന പ്രഖ്യാപനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സർക്കാർ നടപ്പാക്കുന്ന സാമൂഹിക പരിഷ്കരണ യജ്ഞത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സ്ത്രീധനം വാങ്ങുന്നില്ലെന്ന സത്യപ്രസ്താവന ക്ഷണക്കത്തിൽ തന്നെ വേണം. അങ്ങനെയുള്ള വിവാഹങ്ങളിൽ മാത്രമേ ഞാൻ പങ്കെടുക്കൂ. എത്ര അടുത്ത ആളുകളുടെ വിവാഹമാണെങ്കിൽ പോലും ഇക്കാര്യത്തിൽ മാറ്റമുണ്ടാകില്ല -നിതീഷ് കുമാർ വ്യക്തമാക്കി.
സ്ത്രീധനം, ബാലവിവാഹം തുടങ്ങിയവ ഏറെക്കാലമായി സമൂഹത്തിൽ നിലനിൽക്കുകയാണ്. സാമൂഹിക പരിഷ്കരണങ്ങൾ കൂടാതെയുള്ള വികസനം അർഥരഹിതമാണ്. സ്ത്രീകൾ മാറ്റങ്ങൾക്ക് വേണ്ടി മുന്നോട്ടു വരണം. മദ്യനിരോധനം സംസ്ഥാനത്ത് നടപ്പാക്കിയത് സ്ത്രീകളുടെ അഭ്യർഥനയെ തുടർന്നാണ്. ഭൂരിപക്ഷം ജനങ്ങളും ഇക്കാര്യത്തിൽ സർക്കാറിനൊപ്പമാണ്. എന്നാൽ ചിലർ ഇതിനെ എതിർക്കുന്നു. അവരെ ശ്രദ്ധിക്കേണ്ടതില്ല -നിതീഷ് കുമാർ പറഞ്ഞു.
സാമൂഹിക പരിഷ്കരണത്തെക്കാൾ ആദ്യം നിതീഷ് കുമാർ ചെയ്യേണ്ടത് ഭരണസംവിധാനത്തെ പരിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.