ഇൻഡ്യ മുന്നണി നേതൃസ്ഥാനം ലഭിച്ചില്ല; നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചേക്കും
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യത്തിന് കനത്ത തിരിച്ചടി നൽകി ബിഹാറിലെ മഹാസഖ്യം വിടാനൊരുങ്ങി ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ.
വീണ്ടും എൻ.ഡി.എ.യുടെ ഭാഗമാകാൻ ഒരുങ്ങുന്ന നിതീഷ് ഞായറാഴ്ച മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചേക്കും. ഇതിെൻറ ഭാഗമായി രാവിലെ നിയമസഭാ കക്ഷിയോഗം ചേരും. തുടർന്നാണ്, ഗവർണർക്ക് രാജി സമർപ്പിക്കുകയെന്നാണ് അറിയുന്നത്. ഇന്ന് വൈകീട്ട് തന്നെ സത്യപ്രതിജ്ഞയുമുണ്ടായേക്കും. ഇത്തരം ചർച്ചകൾ നടക്കുമ്പോഴും പുതിയ ചുവട് വെപ്പിനെ കുറിച്ച് നിതീഷ് പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇക്കുറി ബി.ജെ.പി.യുടെ സ്വന്തം മുഖ്യമന്ത്രി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്.
ശനിയാഴ്ച വൈകീട്ട് പട്നയിൽ തിരക്കിട്ട രാഷ്ട്രീയനീക്കങ്ങളാണ് അരങ്ങേറിയത്. ആർ.ജെ.ഡി., ജെ.ഡി.യു. നേതാക്കൾ പ്രത്യേകം യോഗം ചേർന്നു. ബി.ജെ.പി.യുടെ സംസ്ഥാനനേതാക്കൾ കേന്ദ്രനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി. നിതീഷിനെ മുന്നണിയിൽ പിടിച്ചുനിർത്താൻ കോൺഗ്രസ് നേതൃത്വം ശനിയാഴ്ച രാത്രി വൈകിയും ശ്രമങ്ങൾ നടത്തിയിരുന്നു.
2022ലാണ് ബി.ജെ.പിയുമായി ഇടഞ്ഞ് ആർ.ജെ.ഡിയുടെയും മറ്റും പിന്തുണയോടെ നിതീഷ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായത്. ഒമ്പതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നത്. പുതിയ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തുടങ്ങാനിരുന്ന രണ്ടുദിവസത്തെ ബംഗാൾ യാത്ര മാറ്റിയിട്ടുണ്ട്.
ബി.ജെ.പിയെ നേരിടുകയെന്ന പൊതു ലക്ഷ്യത്തോടെ രൂപവത്കരിച്ച ഇൻഡ്യ മുന്നണിയുടെ നേതൃസ്ഥാനം കിട്ടില്ലെന്നുവന്നതോടെയാണ് വീണ്ടും എൻ.ഡി.എ പാളയത്തിലെത്തുന്നത്. ഇതിനിടെ, നിതീഷ് വീണ്ടും എൻ.ഡി.എ സഖ്യകക്ഷിയാകുന്നതിൽ നീരസമുള്ള ചിരാഗ് പാസ്വാൻ ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡയെയും മറ്റും കണ്ട് ഉത്കണ്ഠ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.