വർഗീയ കലാപങ്ങൾ ഒഴിവാക്കുന്നതിന് ബിഹാറിനെ മാതൃകയാക്കാമെന്ന് നിതീഷ് കുമാർ
text_fieldsപട്ന: ബിഹാറിൽ വർഗീയ കലാപങ്ങൾക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി നിതീഷ് കുമാർ. മത ആഘോഷ ദിവസങ്ങളിൽ ബിഹാർ സർക്കാർ എല്ലായ്‌പ്പോഴും കർശന നിരീക്ഷണം നടത്തുകയും സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദ്ദേശം നൽകുകയും ചെയ്യാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാമനവമി ദിവസവും ഹനുമാന്‍ ജയന്തിയിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വർഗീയ സംഘർഷങ്ങളുണ്ടായ സാഹചര്യത്തിലാണ് നിതീഷിന്‍റെ പ്രതികരണം.
മതപരമായ ആഘോഷങ്ങൾക്കിടെ ആളുകൾ തമ്മിൽ ഏറ്റുമുട്ടുന്നത് ഒഴിവാക്കണമെന്ന് നിതീഷ് കുമാർ പറഞ്ഞു. ഓരോ സമുദായത്തിനും വ്യത്യസ്ത ആരാധനാരീതികളാണ് ഉള്ളതെന്ന് എല്ലാവരും മനസ്സിലാക്കണം. പ്രാർഥനകൾക്ക് അക്രമവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ രാജ്യത്ത് സാമുദായിക സൗഹാർദ്ദം നിലനിർത്താന്‍ എല്ലാ മതപരമായ ഘോഷയാത്രകളും നിരോധിക്കണമെന്ന് ബിഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മതപരമായ ഘോഷയാത്രകൾ കാരണം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലായെന്നും എല്ലാത്തരം മതപരമായ ഘോഷയാത്രകളും നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും മാഞ്ചി ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.