മകനാരാ മോൻ- ബിഹാര്‍ മുഖ്യമന്ത്രിയുടെ മകൻ അദ്ദേഹത്തെക്കാള്‍ അഞ്ചിരട്ടി ധനികൻ
text_fieldsപറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ മകൻ അദ്ദേഹത്തെക്കാള്‍ അഞ്ചിരട്ടി ധനികൻ. 75.36 ലക്ഷം രൂപയുടെ ആസ്തിയാണ് നിതീഷ് കുമാറിന്‍റെ പേരിലുള്ളത്. മകൻ നിഷാന്തിന്‍റെ പേരിൽ ഇതിന്‍റെ അഞ്ചിരട്ടി ആസ്തിയും. ഡിസംബർ 31ന് ബിഹാർ സർക്കാറിന്‍റെ വെബ്സൈറ്റിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തി വിവരങ്ങൾ വെളിപ്പെടുത്തിയതിലാണ് ഈ വിവരങ്ങളുള്ളത്.
വെബ്സൈറ്റ് പ്രകാരം നിതീഷ് കുമാറിന്‍റെ കൈയിൽ 29,385 രൂപ പണമായും 42,763 രൂപ ബാങ്കിൽ നിക്ഷേപമായിട്ടും ഉണ്ട്. 16.51 ലക്ഷത്തിന്‍റെ ജംഗമ വസ്തുക്കൾ, 58.85 ലക്ഷത്തിന്‍റെ സ്ഥാവര സ്വത്തുക്കൾ എന്നിവയും അദ്ദേഹത്തിനുണ്ട്. 1.45 ലക്ഷം രൂപ വിലവരുന്ന കന്നുകാലികളും മുഖ്യമന്ത്രിക്കുണ്ട്. അതേസമയം, നിതീഷ് കുമാറിന്‍റെ മകൻ നിഷാന്തിന്‍റെ പേരിൽ, 16,549 രൂപ പണമായും 1.28 കോടി ബാങ്കിൽ സ്ഥിര നിക്ഷേപവും 1.63 കോടിയുടെ ജംഗമ വസ്തുക്കളും 1.98 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്.
ന്യൂഡൽഹിയിലെ ദ്വാരകയിൽ കോഓപറേറ്റീവ് ഹൗസിങ് സൊസൈറ്റിയിൽ നിതീഷ് കുമാറിന് ഫ്ലാറ്റുണ്ട്. നളന്ദ ജില്ലയിലെ കല്യാൺ ബിഘയിലും ഹക്കീകത്പുരിലും പറ്റ്നയിലെ കങ്കർബാഗിലും നിഷാന്തിന് കാർഷിക ഭൂമിയും വീടുകളുമുണ്ട്.
നിതീഷ് കുമാർ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും തങ്ങളുടെ സ്വത്ത് വിവരങ്ങൾ വർഷാവസാനം പുറത്തുവിടണമെന്ന് സർക്കാർ നിർബന്ധമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വെബ്സൈറ്റിൽ ഈ വിവരങ്ങൾ അപ്ലോഡ് ചെയ്തത്.
മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാൾ ധനികരാണ്. വി.ഐ.പി (വികാസ്ശീൽ ഇൻസാൻ പാർട്ടി) സ്ഥാപകൻ മുകേഷ് ശഹാനിയാണ് മന്ത്രിസഭയിലെ ഏറ്റവും ധനികൻ. മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രിയായ അദ്ദേഹത്തിന്‍റെ ബാങ്ക് നിക്ഷേപം 23 ലക്ഷമാണ്. ഏഴ് കോടിയിലേറെ രൂപ വിലമതിക്കുന്ന മൂന്ന് ആസ്തികൾ അദ്ദേഹത്തിന് മുംബൈയിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.