ബിഹാർ ആർക്കൊപ്പം: ചിത്രം തെളിയാൻ ഇനിയും സമയമെടുക്കും
text_fieldsപട്ന: തേജസ്വി യാദവ് -രാഹുൽ യുവ കൂട്ടുകെട്ട് ബിഹാറിൻെറ ഹൃദയം കവരുമോ അതോ രാഷ്ട്രീയ ചാണക്യൻ നിതീഷ് കുമാർ തന്നെ ഭരണത്തിൽ തുടരുമോ എന്നറിയാനുള്ള കാത്തിരിപ്പ് തുടരുന്നു. 243 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെണ്ണൽ ഉച്ച രണ്ടുമണി പിന്നിട്ടിട്ടും 50 ശതമാനത്തോളമാണ് പൂർത്തിയായത്. ഈ നില തുടരുകയാണെങ്കിൽ ചിത്രം വ്യക്തമാകാൻ വൈകീട്ട് ആറുമണിയെങ്കിലും കഴിയുമെന്നാണ് കരുതുന്നത്..
15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ്‌കുമാര്‍ ആണ് എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ഇന്നലെ 31ാം പിറന്നാൾ ആഘോഷിച്ച ലാലു പ്രസാദ് യാദവിെൻറ മകനും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവിെൻറ നേതൃത്വത്തിലാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം, കഴിഞ്ഞ തവണ എൻ.ഡി.എയുടെ കൂടെയുണ്ടായിരുന്ന രാംവിലാസ് പാസ്വാെൻറ മകന്‍ ചിരാഗ് പാസ്വാെൻറ നേതൃത്വത്തിലുള്ള എൽ.ജെ.പി ഇത്തവണ ഉടക്കിയാണ് മത്സരിച്ചത്. ജെ.ഡി.യു മത്സരിക്കുന്ന മണ്ഡലങ്ങളിലൊക്കെ ഇവർ സ്ഥാനാർഥികളെ നിര്‍ത്തിയിട്ടുണ്ട്.
ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് വിജയസാധ്യത പ്രഖ്യാപിച്ചത്. എന്നാല്‍, ഭരണം നിലനിര്‍ത്തുമെന്ന് തന്നെയാണ് ബി.ജെ.പി അടക്കമുള്ള എൻ.ഡി.എ ക്യാമ്പിെൻറ വിശ്വാസം. പ്രതിപക്ഷ സഖ്യം വിജയിച്ചാല്‍ ദേശീയ തലത്തില്‍ എൻ.ഡി.എക്കെതിരായ നീക്കത്തിന് ഊര്‍ജം നല്‍കും. വിജയം ഉറപ്പാണെന്നും വിജയാഘോഷം സമചിത്തതയോടെ നടത്താവു എന്നും തേജസ്വി യാദവ് പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. ദീപാവലി ആശംസ നേർന്ന നിതീഷ്‌കുമാര്‍ രാഷ്ട്രീയ പ്രതികരണത്തിന് തയാറായില്ല.
മുഖ്യമന്ത്രിക്കസേരക്ക് കൂട്ടുകെട്ടുകളും മുന്നണി സമവാക്യങ്ങളും പലകുറി മാറ്റിയെഴുതിയിട്ടുണ്ട് നിതീഷ് കുമാർ. ഒന്നര പതിറ്റാണ്ട് നീണ്ട ലാലു പ്രസാദ് യാദവ്, റാബ്റി ദേവി ഭരണത്തിന് അന്ത്യംകുറിച്ചാണ് നിതീഷ് 2005ല്‍ ആദ്യം മുഖ്യമന്ത്രിയായത്. 2015ൽ നിതീഷ് കാലുമാറി. മോദി-അമിത് ഷാ പടയോട്ടത്തിന് കടിഞ്ഞാണിടാന്‍ ശത്രുവായ ലാലുപ്രസാദ് യാദവിനെ മിത്രമാക്കിയായിരുന്നു അത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് ഫലംകണ്ടുവെന്നു മാത്രമല്ല വന്‍ ഭൂരിപക്ഷം നേടിക്കൊടുക്കുകയും ചെയ്തു. നിതീഷ് മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്‍റെ മകൻ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി. എന്നാൽ, ഭരണം തുടരവേ 2017ൽ പൊടുന്നനെ നിതീഷ് വീണ്ടും കാലുമാറി. പിന്നീട് ബി.ജെ.പിയുടെ ഒപ്പം ചേർന്നാണ് ഇപ്പോഴും ഭരിക്കുന്നത്.
31കാരൻ തേജസ്വി യാദവ് ജയിച്ചാൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന പദവിക്ക് അദ്ദേഹം അർഹനാകും. അച്ഛനും അമ്മയ്ക്കും പിന്നാലെ ആ കസേരയിലെത്തുന്ന മകൻ എന്ന അപൂർവതയും അദ്ദേഹത്തിന് സ്വന്തമാകും. മഹാസഖ്യത്തിൽ ആർ.ജെ.ഡി 144 സീറ്റ്, കോൺഗ്രസ് 70, സിപിഐഎംഎൽ 19, സി.പി.ഐ ആറ്, സിപിഎം നാല് എന്നിങ്ങനെയാണ് മത്സരിക്കുന്നത്.
2015ലെ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും ജെ.ഡി.യുവും കോണ്‍ഗ്രസും ഉൾപ്പെട്ടതായിരുന്നു മഹാസഖ്യം. ആകെയുള്ള 243 സീറ്റിൽ 178 സീറ്റുകളും ഇവർക്കായിരുന്നു ലഭിച്ചത്. വോട്ടുശതമാനം 41.9. ബി.ജെ.പിയുടെ എൻ.ഡി.എ സഖ്യത്തിനാവട്ടെ 58 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ, പിന്നീട് നിതീഷിെൻറ നേതൃത്വത്തിലുള്ള ജെ.ഡി.യു, ബി.ജെ.പിയോടൊപ്പം പോയി.
ഇത്തവണ മുന്നണി സമവാക്യം മാറിമറിഞ്ഞു. ജെ.ഡി.യു -ബി.ജെ.പി അടങ്ങിയ എൻ.ഡി.എ സഖ്യവും ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതുപാർട്ടികൾ ഉൾപ്പെടുന്ന മഹാസഖ്യവും തമ്മിലാണ് മത്സരം. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പിെൻറ ഫലം ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ അറിയാം.
2015ലെ കക്ഷി തിരിച്ചുള്ള സീറ്റ് നില (ബ്രാക്കറ്റിൽ വോട്ടുശതമാനം):
ആര്‍.ജെ.ഡി- 80 (18.4%)
ജെ.ഡി.യു -71 (16.8%)
കോണ്‍ഗ്രസ് 23 (6.7%)
ബി.ജെ.പി 53 (24.4%)
എൽ.ജെ.പി -രണ്ട് (4.8%)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.