വിലക്കയറ്റം: മൗനംപാലിച്ച് ബി.ജെ.പി, 'ഉള്ളിമാലയുമായി' തേജസ്വി യാദവ്
text_fieldsപാറ്റ്ന: ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഒരുദിവസം ബാക്കിനിൽക്കെ ഉള്ളിയുടെ വിലക്കയറ്റം പ്രചാരണ ആയുധമാക്കി ആർ.ജെ.ഡി. ഉള്ളിയുടെ വില നൂറിലേക്ക് അടുക്കുമ്പോഴാണ് തേജസ്വി യാദവ് ബി.ജെ.പിക്ക് ഉള്ളിമാല സമർപ്പണവുമായ രംഗത്ത് എത്തിയത്.
പ്രചാരണം അവസാന ലാപിലേക്ക് കടക്കുന്നതിനിടെയാണ് ഉള്ളിമാലയുടെ ചിത്രവുമായി തേജസ്വി യാദവ് മാധ്യമങ്ങളെ കണ്ടത്. ഇത് ബി.ജെ.പിക്ക് സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റം ഉൾപ്പെടെ സാധാരണക്കാരുടെ വിഷയത്തിലൂന്നിയുള്ള തേജസ്വിയുടെ പ്രചാരണം ബി.ജെ.പിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തിന്‍റെ പലഭാഗത്തും സവാളക്ക് വന്‍തോതില്‍ വില വര്‍ധിച്ചിരുന്നു.
'വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും കാരണം ജനങ്ങൾ ദുരിതത്തിലാണ്. ജോലിയും ബിസിനസ്സും നിലച്ചമട്ടാണ്. കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും വ്യാപാരികളും ഭക്ഷണം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. ചെറുകിട ബിസിനസുകാരെ ബി.ജെ.പി. നശിപ്പിച്ചുകളഞ്ഞു. വിലക്കയറ്റം വരുമ്പോള്‍ അവര്‍ ചുറ്റിത്തിരിയുകയാണ്. ഈ ഉള്ളിമാല ഞങ്ങൾ ബി.ജെ.പിക്ക് സമര്‍പ്പിക്കുന്നു' - മാധ്യമപ്രവർത്തകരെ കണ്ടശേഷം തേജസ്വി യാദവ് പറഞ്ഞു.
'ഉള്ളി കിലോക്ക് വില 50-60 രൂപയായപ്പോള്‍ സംസാരിച്ചിരുന്നവരെല്ലാം വില എണ്‍പതു രൂപ കടക്കുമ്പോള്‍ നിശബ്ദരാണ്. ബിഹാർ ദരിദ്രമായിക്കൊണ്ടിരിക്കുകയാണ്, കര്‍ഷകരെ നശിപ്പിക്കുകയാണ്, പട്ടിണി ഉയരുകയാണ്' -അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് എന്നിങ്ങളെ മൂന്നു ഘട്ടമായിട്ടാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.