ആദ്യഘട്ട പ്രചാരണം കൊടിയിറങ്ങി; ബിഹാർ നാളെ ബൂത്തിലേക്ക്
text_fieldsപട്ന: ബിഹാർ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. 243 അംഗ നിയമസഭയിലെ 71 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും വിവിധ കേന്ദ്ര മന്ത്രിമാരും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു.
മറ്റു മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന മഹാറാലികളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ബുധനാഴ്ച ബിഹാറിലെത്തുന്നുണ്ട്.
15 വർഷത്തെ ഭരണത്തിനുശേഷം മുഖ്യമന്ത്രി നിതീഷ് കുമാർ, തന്നെ പതിവായി തുണച്ചുപോരുന്ന വനിത വോട്ടർമാർ കൈവെടിയില്ല എന്ന ശുഭപ്രതീക്ഷയിലാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും ഓരോ ഗ്രാമങ്ങളിലും സൗരോർജ വഴിവിളക്കുകൾ സ്ഥാപിക്കുമെന്നുമാണ് വാഗ്ദാനം.
എന്നാൽ, തൊഴിലില്ലായ്മയും വിലക്കയറ്റവും, ലോക്ഡൗൺ കാലത്ത് ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ നേരിട്ട ദുരിതങ്ങളും എണ്ണിപ്പറഞ്ഞ് മഹാസഖ്യത്തിെൻറ മുഖ്യമന്ത്രി സ്ഥാനാർഥി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് വേദികളിൽ ആളിക്കത്തുന്നു.
കോവിഡ് പ്രതിസന്ധിയിൽ അമർന്ന ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് എന്ന രീതിയിലും ബിഹാർ ശ്രദ്ധനേടുന്നുണ്ട്. കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാതെ നടത്തുന്ന റാലികളുടെ സംഘാടകർക്കെതിരെ രണ്ടുവർഷംവരെ തടവു ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്ന മുന്നറിയിപ്പ് നിലനിൽക്കെ, നിതീഷ് കുമാറും തേജസ്വി യാദവും പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലികളിൽ മുഖാവരണം പോലും ധരിക്കാതെയാണ് ആയിരങ്ങൾ തടിച്ചുകൂടിയത്. നേതാക്കളും മാസ്ക് ധരിക്കാതെയാണ് പൊതുവേദികളിലെത്തുന്നത്.
2.12 ലക്ഷം പേർക്ക് രോഗം ബാധിക്കുകയും ആയിരത്തിലേറെ പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്ത ബിഹാർ, രോഗമുക്തി നിരക്കിൽ ഏറെ മുന്നിലാണെങ്കിലും തെരഞ്ഞെടുപ്പ് റാലികൾ സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാക്കിയേക്കും എന്ന ആശങ്കയുണ്ട്. സംസ്ഥാനത്തിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ്, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോഡി, ബിഹാറിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രി രാജീവ് പ്രസാദ് റൂഡി, ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ എന്നീ ബി.െജ.പി നേതാക്കൾക്ക് ഇതിനകം കോവിഡ് ബാധിച്ച് പരസ്യ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നിട്ടുണ്ട്. നിതീഷ് കാബിനറ്റിലെ രണ്ടുമന്ത്രിമാർക്ക് കോവിഡിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.