ബിഹാറിൽ എൻ.ഡി.എ
text_fieldsപട്ന: അനിശ്ചിതത്വവും ആകാംക്ഷയും മുറ്റിനിന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, ജെ.ഡി.യു കക്ഷികളടങ്ങുന്ന എൻ.ഡി.എ സഖ്യം കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. 243 അംഗ സഭയിൽ എൻ.ഡി.എ 125 സീറ്റുകൾ സ്വന്തമാക്കിയാണ് ഭരണത്തിലേറുന്നത്. ആർ.ജെ.ഡി-കോൺഗ്രസ്-ഇടത് കക്ഷികളടങ്ങിയ മഹാസഖ്യത്തിെൻറ പോരാട്ടം 110 സീറ്റുകളിൽ അവസാനിച്ചു. 15 മണിക്കൂർ നീണ്ടു നിന്ന വോട്ടെണ്ണലിനൊടുവിലാണ് അന്തിമ ചിത്രം തെളിഞ്ഞത്.
ബുധനാഴ്ച പുലർച്ച വരെ നീണ്ട വോട്ടെണ്ണലിനെക്കുറിച്ച് മഹാസഖ്യം വ്യാപക പരാതിയാണുയർത്തിയത്. 75 സീറ്റ് സ്വന്തമാക്കിയ ലാലു പ്രസാദ് യാദവിെൻറ ആർ.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജെ.ഡി.യുവിനെ പിന്നിലാക്കി ബി.ജെ.പി 74 സീറ്റിൽ വിജയിച്ച് രണ്ടാമത്തെ വലിയ കക്ഷിയായി.ബിഹാറിൽ നിതീഷ് തന്നെ മുഖ്യമന്ത്രിയാവുമെന്ന് ബി.ജെ.പി ആവർത്തിച്ചു.
2015ൽ 71 സീറ്റുണ്ടായിരുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ ജെ.ഡി.യു 43 സീറ്റ് മാത്രമാണ് നേടിയത്. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ 27 സീറ്റ് ലഭിച്ചിരുന്നു.
അഞ്ചിടങ്ങളിൽ വിജയിച്ച അസദുദ്ദീൻ ഉവൈസിയുടെ എ.െഎ.എം.െഎ.എം മുസ്ലിം ഭൂരിപക്ഷപ്രദേശമായ സീമാഞ്ചൽ മേഖലയിലാണ് നേട്ടമുണ്ടാക്കിയത്.
മഹാസഖ്യത്തിനൊപ്പം നിന്ന് മത്സരിച്ച ഇടതു പാർട്ടികൾ വൻ മുന്നേറ്റം നടത്തി. 12 സീറ്റുകൾ നേടിയ സി.പി.ഐ-എം.എൽ വൻ കുതിപ്പാണ്നടത്തിയത്. സി.പി.എമ്മും സി.പി.ഐയും രണ്ടു സീറ്റുകൾ വീതം നേടി ഇടതുകക്ഷികളുടെ തിരിച്ചുവരവിന് ബലം പകർന്നു.
ലാലുവിെൻറ മകനും മുഖ്യമന്ത്രിസ്ഥാനാർഥിയുമായ തേജസ്വി യാദവ് രഘോപുരിൽ വൻ വിജയം നേടി. ലാലുവിെൻറ മൂത്ത മകൻ തേജ് പ്രതാപ് യാദവ്, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി എന്നിവരും വിജയിച്ച പ്രമുഖരിൽ പെടും.
ഭരണം നിലനിർത്താൻ എൻ.ഡി.എയും 15 വർഷത്തെ നിതീഷിെൻറ ഭരണത്തിന് അന്ത്യം കുറിക്കാൻ മഹാസഖ്യവും നടത്തിയ അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയും ബി.ജെ.പിയും നില മെച്ചപ്പെടുത്തി. എൻ.ഡി.എയുടെ ഭാഗമായിരുന്ന പാസ്വാെൻറ എൽ.ജെ.പി ഇത്തവണ ഒറ്റക്കു മത്സരിച്ച് ഒരു സീറ്റിലൊതുങ്ങിയെങ്കിലും ജെ.ഡി.യുവിന് കനത്ത പരിക്കേൽപിക്കാൻ സാധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയും വോട്ടർമാരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. നിതീഷിെൻറ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കാനുള്ള നടപടികളുമായി ബി.ജെ.പി മുന്നോട്ട് പോവുകയാണ്.
Live Updates
- 10 Nov 2020 2:39 PM GMT
വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ നിതീഷ് കുമാറുമായി ചർച്ച നടത്തി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെയാണ് നിതീഷുമായുള്ള ഷായുടെ ചർച്ച. നിലവിൽ പുറത്തുവന്ന ഫലങ്ങൾ പ്രകാരം ജെ.ഡി.യുവിനേക്കാൾ കൂടുതൽ സീറ്റ് നേടിയിരിക്കുന്നത് ബി.ജെ.പിയാണ്.
- 10 Nov 2020 2:01 PM GMT
ജെ.ഡി.യു മൂന്നാം സ്ഥാനത്ത്
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തുടരുമ്പോൾ നിതീഷ് കുമാറിൻെറ ജെ.ഡി.യു മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 39 സീറ്റിലാണ് ജെ.ഡി(യു) മുന്നേറ്റമുള്ളത്. നിതീഷിനെ തറപറ്റിക്കുമെന്ന് പ്രഖ്യാപിച്ച് സഖ്യത്തിൽ നിൽക്കാതെ മത്സരിച്ച എൽ.ജെ.പിയുടെ ചിരാഗ് പാസ്വാന്‍റെ കുതന്ത്രം ഫലം കാണുന്നതായാണ് വിലയിരുത്തൽ.
- 10 Nov 2020 1:48 PM GMT
ബിഹാർ തെരഞ്ഞെടുപ്പ് മാറ്റത്തിനുള്ള വഴിയൊരുക്കും -ശരത് പവാർ
ബിഹാർ തെരഞ്ഞെടുപ്പ് ഫലം മാറ്റമുണ്ടാക്കിയിെല്ലങ്കിലും മാറ്റത്തിനുള്ള വഴിയൊരുക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. കാമ്പയിനിൽ എന്താണ് കണ്ടത് ഒരു വശത്ത് ദീർഘകാലം ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും എന്നാൽ മറുവശത്ത് പരിചയ സമ്പത്ത് കുറഞ്ഞ യുവാവായ തേജസ്വി യാദവുമാണെന്നും ശരത് പവാർ പറഞ്ഞു.
- 10 Nov 2020 1:09 PM GMT
ഉവൈസി ബി.ജെ.പിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുന്നു -കോൺഗ്രസ്
മഹാസഖ്യത്തിെൻറ വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ പാർട്ടി, ബി.ജെ.പിയുടെ സഖ്യകക്ഷിയെപ്പോലെയാണെന്ന് ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. കാര്യങ്ങളെ വലിയ അളവിൽ തങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലാക്കി മാറ്റാൻ ഉവൈസിയുെട പാർട്ടിയെ ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം ആേരാപിച്ചു.
- 10 Nov 2020 1:05 PM GMT
ഫലം രാത്രിയോടെ പ്രഖ്യാപിക്കും -തെരഞ്ഞെടുപ്പ് കമീഷൻ
ബിഹാർ തെരഞ്ഞെടുപ്പിെൻറ പൂർണമായ ഫലം രാത്രിയോടെ മാത്രമേ പുറത്തു വരുവെന്ന സൂചനകൾ നൽകി തെരഞ്ഞെടുപ്പ് കമീഷൻ. കോവിഡ് ചട്ടങ്ങൾ പൂർണമായും പാലിച്ചാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നതെന്നും കമ്മീഷൻ അറിയിച്ചു.
- 10 Nov 2020 12:57 PM GMT
നിതീഷ് കുമാർ 24 കാരറ്റ് സ്വർണം പോസ്റ്ററുകളുമായി ജെ.ഡി.യു
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മൗനം തുടർന്ന ജെ.ഡി.യു ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളുമായി രംഗത്ത്. മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട നിതീഷ്കുമാറിന് അഭിനന്ദനങ്ങൾ, അദ്ദേഹം 24 കാരറ്റ് സ്വർണമാണെന്നും ചൂണ്ടിക്കാട്ടുന്ന പോസ്റ്ററുകൾ ജെ.ഡി.യും ഒാഫീസിന് മുന്നിൽ ഉയർന്നു.
- 10 Nov 2020 10:37 AM GMT
എല്ലാ ജില്ലകളിൽ നിന്നും നല്ല വാർത്തകൾ വന്ന്കൊണ്ടിരിക്കുന്നു -ആർ.ജെ.ഡി
എൻ.ഡി.എ മുന്നേറ്റം തുടരുമ്പോഴും ശുഭപ്രതീക്ഷയിൽ ആർ.ജെ.ഡി. കുറേ വോട്ടുകൾ ഇനിയും എണ്ണാനുണ്ടെന്നും പല ജില്ലകളിൽ നിന്നും നല്ല വാർത്തകളാണ് വന്ന് കൊണ്ടിരിക്കുന്നതെന്നും ആർ.ജെ.ഡി ട്വീറ്റ് ചെയ്തു.
- 10 Nov 2020 10:18 AM GMT
മൂന്ന് സീറ്റിൽ ബി.ജെ.പി, ഒരു സീറ്റിൽ ജെ.ഡി.യു വിജയിച്ചു
ദർബാംഗ മേഖലയിലെ നാല് നിയമസഭാ സീറ്റിൽ മൂന്നു സീറ്റിൽ ബി.ജെ.പിയും ഒരു സീറ്റിൽ ജെ.ഡി.യുവും ജയിച്ചു. ബി.ജെ.പി സ്ഥാനാർഥികളായ സഞ്ജയ് സരോഗി(ദർബാംഗ സിറ്റി), ജിവീഷ് കുമാർ (ഝലേ), മുരാരി മോഹൻ (കേവാതി) എന്നിവരാണ് വിജയിച്ചത്. ജെ.ഡി.യും സ്ഥാനാർഥി വിനയ് ചൗധരി ബേനിപൂരിൽ നിന്നാണ് ജയിച്ചത്.
- 10 Nov 2020 9:43 AM GMT
തെരഞ്ഞെടുപ്പ് ഫലം വൈകും
വോട്ടെണ്ണൽ പൂർത്തിയാകാൻ രാത്രിയാകുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിപ്പ്. കോവിഡ് സാഹചര്യവും പ്രോട്ടോക്കോൾ നിയന്ത്രണങ്ങളുമുള്ളതിനാലാണ് വോട്ടെണ്ണൽ വൈകുന്നതെന്നും തെരഞ്ഞെടുപ്പ് കമീഷൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു
- 10 Nov 2020 9:17 AM GMT
ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മഞ്ചി ഇമാംഗഞ്ചിൽ മുന്നേറുന്നു. ആർ.ജെ.ഡി സ്ഥാനാർഥി ഉദയ് നാരായൺ ചൗധരി തൊട്ടു പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.