സീമാഞ്ചലിൽ ഉവൈസിയുടെ പടയോട്ടം
text_fieldsഉവൈസിയുടെ കൈയും കാലും വെട്ടി ഹൈദരാബാദിലേക്കയക്കും എന്നായിരുന്നു രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി അമോറിലെ കോൺഗ്രസ് സ്ഥാനാർഥി അബ്ദുൽ ജലീൽ മസ്താെൻറ ഭീഷണി. താൻ കുത്തകയാക്കി വെച്ച സീമാഞ്ചൽ മണ്ഡലത്തിൽ വന്ന് കളിക്കാൻ ഹൈദരാബാദിലെ ഉവൈസി ആരാണെന്ന ധിക്കാരം കലർന്ന വാക്കുകൾ.
ആ ഭീഷണി അവിടുന്നങ്ങോട്ട് അവസാന ഘട്ടത്തിലുടനീളം പ്രചാരണായുധമാക്കി ഒരേ സമയം സഹതാപതരംഗവും കോൺഗ്രസിനോടുള്ള രോഷവും വോട്ടാക്കി മാറ്റുന്ന ഉവൈസിയെയാണ് സീമാഞ്ചൽ കണ്ടത്. സി.എ.എയെയും എൻ.ആർ.സിയെയും മരണം വരെ എതിർക്കാൻ ആര് ഭീഷണിപ്പെടുത്തിയാലും മരണം വരെ താൻ കൂടെയുണ്ടാകുമെന്ന് കൂടി പറഞ്ഞതോടെ ബി.ജെ.പിയുടെ ബി ടീമെന്ന ആക്ഷേപ വാക്കുകൾക്കിടയിലും തന്നെ സഖ്യത്തോട് അടുപ്പിക്കാത്ത മഹാസഖ്യത്തിെൻറ വോട്ടുബാങ്കും കൊണ്ട് ഉവൈസി ശ്രദ്ധേയസാന്നിധ്യമായി. ഉവൈസിയുടെ കൈയും കാലും വെട്ടുമെന്ന് പറഞ്ഞ മസ്താൻ അമോറിലെ വോട്ടെണ്ണലിൽ ഒരിക്കൽ പോലും ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീെൻറ അഖ്തറുൽ ഇൗമാെൻറ നാലയലത്തെത്തിയില്ല. 51,997 വോട്ടിന് 2005ൽ മസ്താൻ ജയിച്ച മണ്ഡലത്തിൽ അവസാന പ്രവണതകളറിയുേമ്പാഴും എൻ.ഡി.എ സ്ഥാനാർഥിയേക്കാൾ കാൽ ലക്ഷത്തിലേറെ വോട്ടുകൾക്ക് അഖ്തറുൽ ഈമാൻ മുന്നിട്ടുനിന്നു. മസ്താനാകട്ടെ കെട്ടിവെച്ച പണം കിട്ടാൻ വിയർക്കുകയാണ്.
ആ സമയം എ.ഐ.എം.ഐ.എം സ്ഥാനാർഥി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ കൊച്ചാധാമനിലും കാൽ ലക്ഷത്തിലേറെ ലീഡ് പാർട്ടി സ്ഥാനാർഥി മുഹമ്മദ് ഇസ്ഹർ ആസ്ഫി നേടിക്കഴിഞ്ഞിരുന്നു. എൻ.ഡി.എയുടെ സിറ്റിങ് എം.എൽ.എ മുജാഹിദ് ആലത്തെ പിന്നിലാക്കിയ ഈ മണ്ഡലത്തിലും രാഷ്ട്രീയ ജനതാദളിെൻറ മുഹമ്മദ് ശാഹിദ് ആലം 10,000 വോട്ട് കിട്ടാൻ പാടുപെട്ടു.
ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി മജ്ലിസ് ആധിപത്യമുറപ്പിച്ച ജോകിഹാട്ടിൽ ആർ.ജെ.ഡിയേക്കാൾ വ്യക്തമായ ലീഡ് നേടി. ബൈസിയിലും മജ്ലിസിെൻറ സയ്യിദ് റുക്നുദ്ദീൻ അഹ്മദ് അവസാന പ്രണതകളിലും നേരിയ മാർജിന് മുന്നിലാണ്.
അവസാന ഘട്ട വോട്ടെടുപ്പിൽ കോൺഗസും ഉവൈസിയും തമ്മിലാണ് എന്ന നിലയിലായിരുന്നു പോര്. കൊട്ടിക്കലാശ ദിവസം കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ഇറക്കിയ പ്രസ്താവനയും ഉവൈസിക്കെതിരായിരുന്നു. 2019ലെ ഉപതെരഞ്ഞെടുപ്പിൽ കിഷൻഗഞ്ചിലെ കോൺഗ്രസ് കോട്ട ഭേദിച്ച് മജ്ലിസ് നേടിയ ജയമാണ് മുസ്ലിം വോട്ടുകളിൽ ഉവൈസി നടത്തുന്ന കടന്നുകയറ്റത്തിന് ബദൽ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. അതിനായി ഉവൈസിയുടെ തന്ത്രങ്ങൾ അറിയുന്ന ഹൈദരാബാദിലെ കോൺഗ്രസ് നേതാവിെന സീമാഞ്ചലിൽ ക്യാമ്പ് ചെയ്യിച്ചു. ഈ കോൺഗ്രസ്-ഉവൈസി പോരിൽ ന്യൂനപക്ഷ മേഖലകളിൽ ബി.ജെ.പി ഒരു വിഷയമേ അല്ലാതായതിെൻറ പ്രതിഫലനങ്ങൾ ബാക്കി ചില മണ്ഡലങ്ങളിലെങ്കിലും കണ്ടു. ഇതിൽ കിഷൻഗഞ്ചിൽ മേൽക്കോയ്മ കാണിക്കാനായതിൽ കോൺഗ്രസിന് ആശ്വസിക്കാം.
പരിഹസിച്ചവർക്കുള്ള മറുപടി –മജ്ലിസ്
ന്യൂഡൽഹി: വോട്ടുവിഴുങ്ങികൾ എന്ന് തങ്ങളെ ആക്ഷേപിക്കുന്നവർക്കുള്ള തകർപ്പൻ മറുപടിയാണ് ബിഹാർ നിയമസഭയിലേക്കുള്ള പാർട്ടി സ്ഥാനാർഥികളുടെ വിജയമെന്ന് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ തൂക്ക് അസംബ്ലി വന്നാൽ അഞ്ച് മജ്ലിസ് അംഗങ്ങൾ ആർക്കൊപ്പം നിൽക്കും എന്നത് പാർട്ടി മേധാവി അസദുദ്ദീൻ ഉവൈസി തീരുമാനിക്കുമെന്ന് ദേശീയ വക്താവ് ആസിം വഖാർ പ്രതികരിച്ചു. ബി.െജ.പിക്കെതിരെയും രാഷ്ട്രത്തിനു വേണ്ടിയും നടത്തുന്ന പോരാട്ടമായതിനാൽ എൻ.ഡി.എക്ക് പിന്തുണ നൽകുന്നതു സംബന്ധിച്ച് ആലോചനയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.