മത്സരിക്കാൻ ജോലി രാജിവെച്ച ബിഹാർ ഡി.ജി.പിക്ക് 'പണി പാളി'
text_fieldsപറ്റ്ന: രാഷ്ട്രീയത്തിൽ ഒരുകൈ നോക്കാൻ ജോലി രാജിവെച്ച് ഗോദയിലിറങ്ങിയ മുൻ ബിഹാർ ഡി.ജി.പിക്ക് 'പണി പാളി'. സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായാണ് ഡി.ജി.പി ഗുപ്തേശ്വർ പാണ്ഡെ ജനതാദൾ യുനൈറ്റഡിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ ജന്മദേശമായ ബക്സറിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാമെന്നതായിരുന്നു പാണ്ഡെയുടെ കണക്കുകൂട്ടൽ.
എന്നാൽ, മുന്നണിയിൽ സീറ്റുവിഭജനം പൂർത്തിയായപ്പോൾ ബക്സർ സീറ്റ് ലഭിച്ചത് ബി.ജെ.പിക്ക്. അതോടെ അവിടെ സ്ഥാനാർഥിയാകാമെന്ന മോഹം പൊലിഞ്ഞു. ബി.ജെ.പിക്കാകട്ടെ പാണ്ഡെക്ക് സീറ്റ് കൊടുക്കാൻ താൽപര്യവുമില്ല. തങ്ങളുടെ 27 സ്ഥാനാർഥികളെ ബി.ജെ.പി ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ബക്സർ ജില്ലയിലെ ബക്സർ, ബ്രഹംപൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. വിശാലസഖ്യം വിട്ട് എൻ.ഡി.എയിലെത്തിയ മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടി (വി.ഐ.പി)ക്കായാണ് ബ്രഹംപൂർ മാറ്റിവെച്ചതെന്നാണ് റിപ്പോർട്ട്.
എന്നാൽ, കാര്യങ്ങൾ ഈവിധം മാറിമറിഞ്ഞത് താൻ ഗൗനിക്കുന്നില്ലെന്നായിരുന്നു മുൻ ഡി.ജി.പിയുടെ മറുപടി. താൻ നേതൃത്വത്തിെൻറ വിളിക്ക് കാത്തിരിക്കുകയാണെന്ന് പാണ്ഡെ മാധ്യമങ്ങളോട് പ്രതികരിച്ചു.
നടൻ സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്ത കേസ് രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതിന് വഴിയൊരുക്കിയത് ഡി.ജി.പി ആയിരുന്ന പാണ്ഡെയുടെ നടപടികളാണെന്ന് ബി.ജെ.പി കരുതുന്നു. സുശാന്തിെൻറ പിതാവിെൻറ പരാതിയിൽ നടി റിയ ചക്രവർത്തിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതടക്കമുള്ള ബിഹാർ പൊലീസിെൻറ നടപടികളുടെ ക്രെഡിറ്റ് തനിക്കാണെന്ന മട്ടിലായിരുന്നു പാണ്ഡെയുടെ മനോഭാവം. മുംബൈ പൊലീസിനെ പരിഹസിച്ചും ശകാരിച്ചുമുള്ള പാണ്ഡെയുടെ പ്രസ്താവനകളും വിവാദമായിരുന്നു. സുശാന്ത് ആത്മഹത്യ ചെയ്തതാണെന്ന് ഏറക്കുറെ ഉറപ്പായിരുന്ന സാഹചര്യത്തിലായിരുന്നു ഇത്. സുശാന്തിേൻറത് ആത്മഹത്യ തന്നെയാണെന്ന് എയിംസ് ഫോറൻസിക് റിപ്പോർട്ടും കൂടിയായതോടെ മഹാരാഷ്ട്രയിൽ ബി.ജെ.പി ബാക്ഫൂട്ടിലാണിേപ്പാൾ. ഇതൊക്കെ പാണ്ഡെയോട് പാർട്ടിക്ക് അരിശം വർധിക്കാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.