ബിഹാറിൽ 20കാരിയെ തീകൊളുത്തിയ സംഭവം മറച്ചുവെച്ചു; എൻ.ഡി.എ സർക്കാരിനെതിരെ രാഹുൽ
text_fieldsന്യൂഡൽഹി: ബിഹാറിലെ വൈശാലിയിൽ 20കാരിയെ തീകൊളുത്തി െകാലപ്പെടുത്തിയ സംഭവത്തിൽ നിതീഷ് കുമാർ സർക്കാറിനെതിരെ രാഹുൽ ഗാന്ധി. പെൺകുട്ടിയെ കൊലപ്പെടുത്തിയ വിവരം തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഭരണകൂടം മൂടിവെച്ചതായും രാഹുൽ ഗാന്ധി ആരോപിച്ചു.
ആരുടെ കുറ്റകൃത്യമാണ് കൂടുതൽ അപകടകരമെന്നും മനുഷ്യത്വ രഹിതമായ പ്രവൃത്തി ചെയ്തവരോ അതോ തെരഞ്ഞെടുപ്പ് വിജയത്തിനായി ക്രൂര കുറ്റകൃത്യം മറച്ചുവെച്ചവരോ എന്ന് രാഹുൽ ചോദിച്ചു. ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
ഒക്ടോബർ 30ന് ആക്രമിക്കപ്പെട്ട പെൺകുട്ടി 15 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം നവംബർ 15ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ദിവസങ്ങളായതിനാൽ പെൺകുട്ടി ആക്രമിക്കപ്പെട്ട വിവരം പൊലീസോ ഭരണകൂടമോ പുറത്തുവിട്ടിരുന്നില്ല. ഇത് സംസ്ഥാനത്ത് വൻ പ്രതിഷേധത്തിനും ഇടയാക്കി.
വൈശാലിയിലെ ഹാജിപുരിലാണ് സംഭവം. 20 കാരിയായ മുസ്ലിം പെൺകുട്ടിയെ ഹാജിപുരിൽതന്നെയുളള പുരുഷൻമാർ ചേർന്ന് അതിക്രമിക്കുകയായിരുന്നു. അതിക്രമം പെൺകുട്ടി ചെറുത്തതോടെ പ്രതികൾ പെൺകുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം തീകൊളുത്തി. ഉടൻതന്നെ പെൺകുട്ടിയെ ഹാജിപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ച് പെൺകുട്ടിയുടെ മൊഴി അന്നുതന്നെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമവാസികളിലൊരാൾ തന്നെയായ ചന്ദൻ എന്നയാളും സുഹൃത്തുക്കളും ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി.
പിറ്റേദിവസം പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി പട്ന മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെവെച്ച് വീണ്ടും മൊഴി രേഖെപ്പടുത്തുകയും ഇത് വിഡിയോ എടുക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ മൊഴി പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിഡിയോ വൈറലായതോടെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആശുപത്രിയിലെത്തുകയും പെൺകുട്ടിയുടെ കുടുംബവുമായി സംസാരിക്കുകയും ചെയ്തിരുന്നു. രണ്ടുദിവസത്തിനുശേഷം എഫ്.ഐ.ആർ രേഖപ്പെടുത്തുകയും ചെയ്തു. രണ്ടാഴ്ചക്ക് ശേഷം നവംബർ 15ന് പെൺകുട്ടി മരിച്ചു.
പെൺകുട്ടിയുടെ മരണത്തോടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തുകയും പ്രതികളെ പിടികൂടുന്നതുവരെ പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിക്കില്ലെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് നൽകിയ ഉറപ്പിൽ മൃതദേഹം സംസ്കരിച്ചു. മുഖ്യപ്രതിയായ ചന്ദനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർക്കായി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.