പരിക്കേറ്റ പിതാവിനെ നാട്ടിലെത്തിക്കാൻ 15 കാരി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ
text_fieldsന്യൂഡൽഹി: ലോക്ഡൗണിനെത്തുടർന്ന് ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ കദന കഥകളാണ് ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വീടണയാൻ അപകടത്തിൽ പരിക്കേറ്റ പിതാവിനെ പിറകിലിരുത്തി 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ 15 വയസുകാരിയായ ജ്യോതികുമാരിയുടെ സഹനയാത്രയാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ഡൽഹിക്കടുത്തുള്ള ഗുഡ്ഗാവിൽ നിന്നും ഏഴു ദിവസം കൊണ്ടാണ് ഇരുവരും ഏറെ ത്യാഗം സഹിച്ച് ബിഹാറിലെ സ്വന്തം ഗ്രാമത്തിലെത്തിയത്. ഇതിൽ രണ്ടു ദിവസത്തോളം പട്ടിണി കിടന്നായിരുന്നു സൈക്കിൾ യാത്ര.
കൗമാരക്കാരിയുടെ സഹനശക്തി തിരിച്ചറിഞ്ഞ ഇന്ത്യൻ സൈക്ലിങ് ഫെഡറേഷൻ അവളെ അടുത്ത മാസം നടക്കുന്ന ട്രയൽസിനായി ക്ഷണിച്ചിട്ടുണ്ട്. ഒരുപക്ഷേ അത് അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന അവസരമാകുമത്.
लॉकडाउन था, सो अपने पिता को साइकिल पर बैठाकर गुरुग्राम से दरभंगा ले गई बेटी...
— BBC News Hindi (@BBCHindi) May 19, 2020
वीडियो: मोहन भारद्वाज और सीटू तिवारी pic.twitter.com/Mc7hkmyB4O
ഡൽഹിയിൽ ഇ- റിക്ഷ ഓടിക്കുന്ന പിതാവ് മോഹൻ പാസ്വാന് അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്നാണ് ജ്യോതി മാർച്ചിൽ ഗുഡ്ഗാവിലെത്തിയത്. പിന്നാലെ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ജ്യോതി അവിടെ തുടരാൻ നിർബന്ധിതയായി. ജോലിയും കൂലിയുമില്ലാതായതോടെ പിതാവും മകളും മിക്ക ദിവസവും പട്ടിണിയിലായി. അതിനൊപ്പം വീട്ടുടമസ്ഥൻ ഇറക്കി വിടുമെന്ന് ഭീഷണിയും മുഴക്കി.
‘ലോക്ഡൗണിന്ശേഷം ഏന്ത് പണിയെടുത്തിട്ടാണെങ്കിലും വീട്ടുടമസ്ഥൻെറ കടം വീട്ടാമെന്ന് ഞാൻ വാക്കുകൊടുത്തു. ഒരുനേരത്തെ ഭക്ഷണം വാങ്ങാനായി എൻെറ മരുന്നുകൾ വരെ ഒഴിവാക്കി’ -പാസ്വാൻ പറഞ്ഞു.
ട്രെയിനും ബസും സർവീസ് നടത്താത്തതിനെത്തുടർന്ന് ജ്യോതി സൈക്കിൾ വാങ്ങിയാണ് യാത്രക്ക് ഒരുങ്ങിയത്. അച്ഛന് നടക്കാൻ സാധിക്കാത്തിനാൽ കടം വാങ്ങിയായിരുന്നു സൈക്കിൾ ഒപ്പിച്ചത്. ഭാരം കൂടിയ തന്നെ പിറകിൽ വെച്ച് അത്രയും ദൂരം യാത്ര ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന് കാണിച്ച് മകളെ പിന്തിരിപ്പിക്കാൻ പാസ്വാൻ ശ്രമിച്ചെങ്കിലും അവൾ പിൻവാങ്ങിയില്ല. ദിവസേന 30 മുതൽ 40 കിലോമീറ്റർ ദൂരം വരെ സൈക്കിൾ ഓടിക്കാമെന്നും യാത്രക്കിടെ ദയ തോന്നി ഏതെങ്കിലും ട്രക്ക് ഡ്രൈവർ തങ്ങളെ സഹായിച്ചാലോ എന്നും പറഞ്ഞാണ് മകൾ അച്ഛെന സാഹസിക യാത്രക്ക് സജ്ജനാക്കിയത്.
സൗജന്യ ഭക്ഷണ വിതരണ കൗണ്ടറുകളുടെ സഹായത്തോടെയായിരുന്നു വിശപ്പടക്കിയത്. എട്ടാം ദിവസം പിതാവിനെ നാട്ടിലെത്തിച്ച പെൺകുട്ടിയെ രാമായണത്തിലെ കഥാപാത്രമായ ശ്രാവൺ കുമാറിനോടാണ് പ്രാദേശിക മാധ്യമങ്ങൾ ഉപമിക്കുന്നത്. ഗ്രാമീണർക്കിടയിൽ നായിക പരിവേശം ലഭിച്ച പെൺകുട്ടിക്ക് ഒരുകൂട്ടം ജവാൻമാർ 5000 രൂപ സമ്മാനമായി നൽകി. മാതാവും നാലു സഹോദരങ്ങളും അടങ്ങുന്നതാണ് ജ്യോതിയുടെ കുടുംബം. അംഗൻവാടി ജീവനക്കാരിയാണ് മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.