ബിഹാറിലെ പാലങ്ങൾക്ക് ഇനി 'ഹെൽത്ത് കാർഡ്'; പരിപാലനത്തിന് പ്രത്യേക നയം നടപ്പാക്കും, രാജ്യത്ത് ആദ്യം
text_fieldsപാട്ന: ഒന്നിനുപിറകെ ഒന്നായി പാലങ്ങൾ തകർന്നുവീഴുന്ന ബിഹാറിൽ പാലം പരിപാലനത്തിന് നടപടിയുമായി സർക്കാർ. പാലങ്ങളുടെ പരിപാലനത്തിനും നവീകരണത്തിനുമായി ബിഹാർ പ്രത്യേക നയം കൊണ്ടുവരും. പാലം പരിപാലന നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ബിഹാർ.
കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം 12 പാലങ്ങളാണ് ബിഹാറിൽ വിവിധയിടങ്ങളിലായി തകർന്നത്. പാലങ്ങളുടെ നിർമാണത്തിലെ അപാകതയാണ് തകർച്ചക്ക് കാരണമെന്ന് വ്യാപക വിമർശനമുയർന്നിരുന്നു. ഇത് നിതീഷ് കുമാർ സർക്കാറിനെ സമ്മർദത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാലം പരിപാലന നയം കൊണ്ടുവരുന്നത്.
പാലങ്ങളുടെ നിരന്തരമായ നിരീക്ഷണം, ആവശ്യമായ അറ്റകുറ്റപ്പണികളും നവീകരണവും നടപ്പാക്കൽ എന്നിവയാണ് പുതിയ നയത്തിന്‍റെ ഭാഗമായി വരിക. എല്ലാ പാലങ്ങൾക്കും പ്രത്യേക ഹെൽത്ത് കാർഡ് കൊണ്ടുവരും. പാലത്തിന്‍റെ നിർമാണ വിവരങ്ങളും അറ്റകുറ്റപ്പണി വിശദാംശങ്ങളുമെല്ലാം ഇതിൽ രേഖപ്പെടുത്തും. ഇതിന്‍റെ അടിസ്ഥാനത്തിൽ പാലത്തിലൂടെയുള്ള വാഹനഗതാഗതത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള പ്രത്യേക വിഭാഗത്തിനാകും പാലം പരിപാലനത്തിന്‍റെ ഉത്തരവാദിത്തം. സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ, അസിസ്റ്റന്‍റ് എൻജിനീയർ തുടങ്ങിയവർ ഉൾപ്പെട്ട പ്രത്യേക സംഘം തുടർച്ചയായി പാലങ്ങളും കലുങ്കുകളും സന്ദർശിച്ച് സുരക്ഷ വിലയിരുത്തും.
അതിനിടെ, ബിഹാറിലെ അപകടാവസ്ഥയിലുള്ള പാലങ്ങൾ കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചു. അഭിഭാഷകനായ ബ്രജേഷ് സിങ്ങാണ് ഹരജി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.