രണ്ടാംവിവാഹത്തിന് സർക്കാർ ജീവനക്കാർ അനുമതി തേടണം; ആദ്യ പങ്കാളിയിൽ നിന്ന് നിയമപരമായി വേർപിരിയണം -ബിഹാറിൽ പുതിയ ഉത്തരവ്
text_fieldsപാട്ന: രണ്ടാമതും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർ ഇനി പ്രത്യേക അനുമതി തേടണമെന്ന വിജ്ഞാപനമിറക്കി ബീഹാർ സർക്കാർ. പുതിയ ഉത്തരവനുസരിച്ച് രണ്ടാമതും വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ സർക്കാർ ജീവനക്കാർ അതത് വകുപ്പുകളെ വിവരമറിയിക്കണം. ആവശ്യമായ അനുമതി ലഭിച്ചാൽ മാത്രമേ രണ്ടാം വിവാഹത്തിന് അർഹതയുണ്ടാവുകയുള്ളൂ.
വിജ്ഞാപനമനുസരിച്ച് രണ്ടാം തവണ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ജീവനക്കാർ ആദ്യത്തെ പങ്കാളിയിൽ നിന്ന് നിയമപരമായി വേർപിരിയുകയും ബന്ധപ്പെട്ട വകുപ്പിനെ വിവരമറിയിക്കുകയും വേണം.
അതേസമയം, ജീവനക്കാർ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി തേടാതെ രണ്ടാം വിവാഹം ചെയ്യുകയും സേവനത്തിലിരിക്കെ മരിക്കുകയും ചെയ്താൽ രണ്ടാമത്തെ ഭാര്യക്കോ ഭർത്താവിനോ അവരുടെ മക്കൾക്കോ ഒരു ആനുകൂല്യവും ജോലിയും ലഭിക്കില്ല. ആദ്യത്തെ പങ്കാളിക്കും മക്കൾക്കുമായിരിക്കും സർക്കാർ മുൻഗണന നൽകുക.
ഡിവിഷണൽ കമ്മീഷണർമാർ, ജില്ലാ മജിസ്‌ട്രേറ്റുമാർ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, പോലീസ് ഡയറക്ടർ ജനറൽ, ജയിൽ ഡി.ജി.പി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരോടും അവരവരുടെ അധികാരപരിധിയിൽ പുതിയ നിർദ്ദേശം നടപ്പാക്കാൻ പൊതുഭരണകൂടം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.