ശൈശവ വിവാഹങ്ങൾ തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി പുതിയ 'ടാസ്ക് ഫോഴ്‌സ്' രൂപീകരിക്കാനൊരുങ്ങി ബീഹാർ സർക്കാർ
text_fieldsപട്ന: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ തടയുന്നതിനും ഇല്ലാതാക്കുന്നതിനും ഉന്നതാധികാരികൾ സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിക്കുന്നതിനുമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല 'ടാസ്‌ക് ഫോഴ്‌സ്' രൂപീകരിക്കാൻ ബീഹാർ സർക്കാർ തീരുമാനിച്ചതായി ചീഫ് സെക്രട്ടറി അമൃത് ലാൽ മീണ പി.ടി.ഐക്ക് നൽകിയാൽ അഭിമുഖത്തിൽ പറഞ്ഞു.
നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻ.എഫ്.എച്ച്.എസ്) -5 അനുസരിച്ച്, പശ്ചിമ ബംഗാൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടക്കുന്നത് ബീഹാറിലാണ്. കണക്കുകൾ പ്രകാരം 18 വയസ്സ് പൂർത്തിയാകുന്നതിന് മുൻപ് കല്യാണം കഴിയുന്നവർ 40.8 ശതമാനമാണ്. എന്നിരുന്നാലും, 2020 - 2024 കാലയളവിനിടയിൽ ശൈശവ വിവാഹ നിരോധന നിയമത്തിലെ (പി.സി.എം.എ) വ്യവസ്ഥകൾ അനുസരിച്ച് 19 കേസുകൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ.
ടാസ്ക് രൂപീകരിക്കുന്നത് കൂടാതെ പെൺ കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കുക, 'ജീവിക' (സംസ്ഥാനതല വനിതാ സാമൂഹിക സാമ്പത്തിക ശാക്തീകരണ പരുപാടി) വഴി പെൺകുട്ടികൾക്കും കുടുംബത്തിനും വേണ്ട ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിനും മറ്റ് ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കൂടാതെ സർക്കാർ ജോലികളിൽ 35 ശതമാനം സ്ത്രീകൾക്ക് സംവരണവും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലും നഗര - തദ്ദേശ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളിലും 50 സംവരണവും സർക്കാർ ഏർപെടുത്തിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. നേരത്തെ ഹർജോത്ത് കൗർ ബംറയുടെ നേതൃത്വത്തിൽ വനിതാ ശിശു വികസന വകുപ്പ്, ഗാർഹിക പീഡന കേസുകളിൽ ഇരകളെ സഹായിക്കാനായി പ്രത്യേക 'സംരക്ഷണ ഉദ്യോഗസ്ഥരെ' നിയമിച്ചിരുന്നു.
ശൈശവ വിവാഹങ്ങൾ തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചതായും ശൈശവ വിവാഹത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് ബാല വധുക്കളെയും അവരുടെ കുട്ടികൾക്കുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ചും ആളുകൾക്ക് ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും റോഹ്താസ് ജില്ലാ മജിസ്ട്രേറ്റ് 'ഉദിത സിങ്' പി.ടി.ഐയോട് പറഞ്ഞു.
ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ കാമ്പയിനിന്റെ ഭാഗമായി, ജില്ലാ ഭരണകൂടം എല്ലാ ശനിയാഴ്ചയും ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ സർക്കാർ സ്‌കൂളുകളിലെ (9-ാം ക്ലാസ്) പെൺകുട്ടികളുമായി സംവദിക്കുന്നുണ്ട്. ഇതോടൊപ്പം പ്രായപൂർത്തിയാകാത്ത വിവാഹ കേസുകൾ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുന്നവർക്ക്, നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് സ്ഥിരീകരിച്ചാൽ, 5,000 രൂപ വരെ ക്യാഷ് റിവാർഡ് ലഭിക്കുമെന്നും ഉദിത സിങ് കൂട്ടി ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.