ബി.ജെ.പിയെ തനിച്ചാക്കി ബിഹാർ; ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രതീക്ഷകൾക്ക് മങ്ങൽ
text_fieldsന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമി അടുത്ത പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും തൂത്തുവാരാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകൾക്കേറ്റ തിരിച്ചടിയാണ് ബിഹാറിലെ സംഭവ വികാസങ്ങൾ. നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവിനേക്കാൾ കൂടുതൽ സീറ്റ് പിടിച്ച് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയാകാൻ ബി.ജെ.പിക്കു സാധിച്ചത് നിതീഷ് കുമാറിന്റെ തണലിലാണ്. അതാണിപ്പോൾ നഷ്ടമായത്.
ബി.ജെ.പിക്ക് ബിഹാറിന്റെ എല്ലാ മേഖലകൾക്കുമായി ഉയർത്തിക്കാട്ടാൻ കഴിയുന്ന ശക്തനായൊരു നേതാവില്ല. അത്തരത്തിലൊരാളെ വളർത്തിക്കൊണ്ടു വരാനും കഴിഞ്ഞില്ല. ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽകുമാർ മോദിയെ ചിറകരിയുന്ന വിധത്തിലാണ് രാജ്യസഭയിലേക്ക് മാറ്റിയത്. രവിശങ്കർ പ്രസാദ്, രാജീവ് പ്രതാപ് റൂഡി തുടങ്ങിയവരും ഒതുക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് സംസ്ഥാനത്തെ പ്രചാരണ പ്രവർത്തനങ്ങളുടെ നേതൃമുഖം. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വന്തം നിലക്കാണ് ശക്തി പരീക്ഷിക്കേണ്ടത്.
ബി.ജെ.പി സഖ്യകക്ഷിയായി തുടരുമെന്ന് ആർ.എൽ.ജെ.പി
ന്യൂഡൽഹി: ബിഹാറിലെ രാഷ്ട്രീയ മാറ്റങ്ങൾക്കിടെ ബി.ജെ.പിയുടെ സഖ്യകക്ഷിയായി തുടരുമെന്ന് രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ.എൽ.ജെ.പി) പ്രസിഡൻറും കേന്ദ്ര മന്ത്രിയുമായ പശുപതി കുമാർ പരസ്. പാർട്ടി പാർലമെൻററി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ മറ്റൊരു നേതാവിനെ ലഭിക്കില്ലെന്നും അദ്ദേഹത്തെ രാജ്യത്തിന് ആവശ്യമാണെന്നും പരസ് പറഞ്ഞു. ആർ.എൽ.ജെ.പിക്ക് ലോക്സഭയിൽ അഞ്ച് എം.പിമാരുണ്ട്. രാം വിലാസ് പാസ്വാന്റെ ഇളയ സഹോദരനാണ് പരസ്. എന്നാൽ, പാസ്വാന്റെ മകൻ ചിരാഗ് പാസ്വാനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് 2021ൽ പാർട്ടി പിളരുകയായിരുന്നു.
നിതീഷിനെതിരെ ചിരാഗ് പാസ്വാൻ
ന്യൂഡൽഹി: രണ്ടാം തവണയും ജനവിധിയെ അവഹേളിച്ചതിന് സ്ഥാനമൊഴിയുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ചിരാഗ് പാസ്വാന് വിമർശനം. ബിഹാറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിതീഷ് ആഗ്രഹിച്ചതെല്ലാം ബി.ജെ.പി അംഗീകരിച്ചുവെന്നും സ്വന്തം നയങ്ങളിൽ വിട്ടുവീഴ്ച ചെയ്തെന്നും ലോക് ജനശക്തി പാർട്ടി (രാംവിലാസ്) നേതാവായ ചിരാഗ് അവകാശപ്പെട്ടു. ഭാവി രാഷ്ട്രീയ നിലപാടിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2022 ആഗസ്റ്റ് 09; ആറരമണിക്കൂറിൽ ഭരണമാറ്റം
രാവിലെ 11.00 -ജെ.ഡിയു എം.പിമാരും എം.എൽ.എമാരും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ യോഗം ചേരുന്നു.
• 11.15 -നിയമസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ ആർ.ജെ.ഡി എം.എൽ.എമാർ സമാന്തര യോഗം ചേരുന്നു
• 1.00 -കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടുന്ന ആർ.ജെ.ഡി നേതൃത്വത്തിലുള്ള മഹാസഖ്യം മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ വസതിയിൽ യോഗം ചേരുന്നു. അവിടെ എം.എൽ.എമാർ നിതീഷിനെ പിന്തുണച്ച് കത്തിൽ ഒപ്പുവെക്കുന്നു.
• 2.00 -'പുതിയ സഖ്യനേതൃത്വം' ഏറ്റെടുത്തതിന് നിതീഷിനെ ജെ.ഡി.യു അഭിനന്ദിക്കുന്നു, ബി.ജെ.പി രഹിത സഖ്യത്തിന് ഇടതുപക്ഷം പിന്തുണ നൽകുന്നു.
• 4.00 -ഗവർണർ ഫാഗു ചൗഹാനെക്കണ്ട് നിതീഷ് രാജി നൽകി. തുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതായി പ്രഖ്യാപിക്കുന്നു.
• 4.45 -ആർ.ജെ.ഡി നേതാവ് തേജസ്വി യാദവുമായി ആശയവിനിമയം നടത്താൻ നിതീഷ് റാബ്‌റി ദേവിയുടെ വീട്ടിൽ.
• 5.20 - ജെ.ഡി.യുവിനും മറ്റ് പാർട്ടികൾക്കും പിന്തുണക്കത്തുമായി തേജസ്വി യാദവിനൊപ്പം നിതീഷ് രാജ്ഭവനിലേക്ക്.
• 5.25 -പുതിയ സർക്കാർ രൂപവത്കരിക്കാൻ നിതീഷ് അവകാശവാദമുന്നയിക്കുന്നു.
ബിഹാർ സ്പീക്കർക്ക് രായ്ക്കുരാമാനം കോവിഡ് നെഗറ്റിവ്
ന്യൂഡൽഹി: ബിഹാറിലെ രാഷ്ട്രീയ മാറ്റങ്ങൾക്കിടെ ബി.ജെ.പിക്കാരനായ നിയമസഭ സ്പീക്കർ വിജയ്കുമാർ സിൻഹ ഒറ്റ ദിവസം കൊണ്ട് കോവിഡ് നെഗറ്റിവ്. ഞായറാഴ്ച കോവിഡ് പോസിറ്റിവാണെന്ന് എല്ലാവരെയും അറിയിച്ച സ്പീക്കറാണ് തിങ്കളാഴ്ച കോവിഡ് മുക്തനായെന്ന് വിശദീകരിച്ചത്.
സംസ്ഥാനത്തെ ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെയും ബി.ജെ.പിക്കാരനാണ്. പുതിയ സഖ്യത്തിന്റെ അംഗീകാര വിഷയങ്ങൾ സ്പീക്കറുടെ മുമ്പാകെ എത്താനിരിക്കെയാണ് സ്പീക്കർ അതിവേഗം കോവിഡ് നെഗറ്റിവായത്. ആർ.ജെ.ഡിയുടെ 18 എം.എൽ.എമാരുടെ അയോഗ്യത വിഷയം സ്പീക്കർക്ക് മുമ്പാകെയുണ്ട്.
കഴിഞ്ഞ വർഷം മാർച്ചിൽ ഈ എം.എൽ.എമാർ സ്പീക്കറുടെ ചേംബറിൽ അദ്ദേഹത്തെ തടഞ്ഞുവെച്ചിരുന്നു. ഇതേക്കുറിച്ച് ബി.ജെ.പി അംഗം രാംനാരായൺ മണ്ഡലിന്റെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റി സ്പീക്കർക്ക് റിപ്പോർട്ട് സമർപ്പിച്ചതും ശ്രദ്ധേയം. ഈ റിപ്പോർട്ടിലെ ശിപാർശകൾ പരിഗണിക്കേണ്ടത് സ്പീക്കറാണ്. 18 എം.എൽ.എമാരെ അയോഗ്യരാക്കിയാൽ പോലും മഹാസഖ്യത്തിന് കേവല ഭൂരിപക്ഷമുണ്ട് എന്നതു മറുവശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.